ദില്ലി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം വിടുന്നത് ബിജെപിക്ക് തിരിച്ചടിയാകും. പഞ്ചാബിലും കേന്ദ്രത്തിലും നിരവധി തവണ ഒരുമിച്ച് ഭരിച്ച സഖ്യത്തെയാണ് ബിജെപിക്ക് നഷ്ടപ്പെടുന്നത്. അകാലിദളിന്റെ മുന്നണി വിടല്‍ കാര്‍ഷിക ബില്ലില്‍ ബിജെപിയുടെ ന്യായീകരണത്തെ ദുര്‍ബലപ്പെടുത്തും. 

അതോടൊപ്പം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യും. പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനൊപ്പം മുന്നണിയില്‍ തുടരുക എന്നത് കടുത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് രണ്ടര പതിറ്റാണ്ട് നീണ്ട എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാന്‍ അകാലിദള്‍ തയ്യാറായത്. സംസ്ഥാനത്ത് ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സര്‍ക്കാറും ശക്തമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ബില്ലിനെതിരെ മന്ത്രിയുടെ രാജികൊണ്ട് മാത്രം പിടിച്ചുനില്‍ക്കാനാകില്ലെന്ന വിലയിരുത്തലിലാണ് മുന്നണി മാറ്റമെന്ന തീരുമാനത്തിലേക്ക് അകാലിദള്‍ എത്തിത്. 

പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമുണ്ടായത്. കേന്ദ്ര സര്‍ക്കാറിന് മര്‍ക്കടമുഷ്ടിയാണെന്നും നിയമപരമായി താങ്ങുവില ഉറപ്പാക്കാനുള്ള നിര്‍ദേശം നിരസിച്ചതുമാണ് മുന്നണി വിടാനുള്ള കാരണമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചാബി, സിഖ് പ്രശ്‌നങ്ങളില്‍ മോദി സര്‍ക്കാറിന്റെ നിലപാട നിഷേധാത്മകമായി തുടരുകയാണെന്നും അകാലിദള്‍ കുറ്റപ്പെടുത്തി. ആദ്യ കാലം മുതലേ ബിജെപിയുടെ സഖ്യകക്ഷിയാണ് അകാലിദള്‍. പാര്‍ട്ടിയുടെ മുന്നണി മാറ്റം പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടിയാകും.