Asianet News MalayalamAsianet News Malayalam

'തൊഴിലില്ലായ്മ പരിഹരിക്കാന്‍ സൂര്യനമസ്‌കാരം പോലെ എന്തെങ്കിലുമൊന്ന് മോദിക്ക് നിര്‍ദേശിച്ചുകൂടെ'; അഖിലേഷ് യാദവ്

ലോക്‌സഭയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സൂര്യനമസ്‌കാരത്തെ കുറിച്ച് മോദി പറഞ്ഞത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റു വാങ്ങേണ്ടി വരുമെന്ന രാഹുലിന്റെ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു മോദി. 

akhilesh yadav says narendra modi suggested any asana for unemployed youngsters
Author
Delhi, First Published Feb 10, 2020, 9:45 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ മോദി എന്തെങ്കിലുമൊരു ‘ആസനം’ (യോഗ) നിര്‍ദേശിക്കണമെന്ന്  അഖിലേഷ് പറഞ്ഞു. ആരോ​ഗ്യം സംരക്ഷിക്കാൻ യോഗ അഭ്യസിക്കുമെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് അഖിലേഷ് രം​ഗത്തെത്തിയത്.

തന്റെ മുതുകിന്റെ ശക്തികൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മോദി പറഞ്ഞിരുന്നു. അതുപോലൊരു ആസനം യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും കൂടി നടത്തിയാല്‍ നന്നായിരിക്കുമെന്നാണ് അഖിലേഷ് പരിഹസിച്ചത്. ഉത്തര്‍പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമേയില്ല. ഒന്നുമില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു ആസനമെങ്കിലും നിര്‍ദേശിച്ചുകൂടെ,’- അഖിലേഷ് പറഞ്ഞു.

ലോക്‌സഭയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സൂര്യനമസ്‌കാരത്തെ കുറിച്ച് മോദി പറഞ്ഞത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റു വാങ്ങേണ്ടി വരുമെന്ന രാഹുലിന്റെ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു മോദി. എന്നാല്‍ തൊഴിലില്ലായ്മയെന്ന യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും പ്രധാനമന്ത്രി മനഃപൂര്‍വ്വം വ്യതിചലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പിന്നീട് ആരോപിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios