ഉച്ചഭക്ഷണത്തിൽ വെളുത്തുള്ളിയും ഉള്ളിയും ചേർക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന് കാണിച്ചാണ് ഉച്ചഭക്ഷണത്തിൽ ഇവ ചേർക്കരുതെന്ന് തയ്യാറാക്കുന്നവർക്ക് ഫൗണ്ടെഷൻ പ്രത്യേകം നിർദ്ദേശം നൽകിയത്.
ബെംഗളൂരു: സ്കൂളിൽനിന്ന് ലഭിക്കുന്ന സൗജന്യ ഉച്ചഭക്ഷണം കഴിക്കാതെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നവരാണ് കർണാടകയിലെ വിദ്യാർഥികളിൽ മിക്കവരും. സ്കൂളിൽനിന്ന് സൗജന്യമായി ഭക്ഷണം ലഭ്യമായിട്ടും എന്തുകൊണ്ടാണ് വിദ്യാർഥികൾ കഴികാതെ പോകുന്നതെന്ന അന്വേഷണം ഒടുവിൽ അവസാനിച്ചത് ഭക്ഷണത്തിൻ്റെ രുചിയിലായിരുന്നു.
ആവശ്യമായ ചേരുവകളൊന്നും ചേർക്കാതെയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്. പ്രത്യേകിച്ച്, വെളുത്തുള്ളിയും ഉള്ളിയും. എന്നാൽ ആരോഗ്യപ്രദമായി വെളുത്തുള്ളിയും ഉള്ളിയും ഉച്ചഭക്ഷണത്തിൽനിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നതാണ്. സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ മിഡ് ഡേ മീൽ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ ഭക്ഷണം തയ്യാറാക്കുന്നതിന്റെ കോൺട്രാക്റ്റ് ഏറ്റെടുത്തിരിക്കുന്നത് ഇസ്കോണിന്റെ അക്ഷയ പാത്ര ഫൗണ്ടെഷൻ ആണ്.
സംസ്ഥാനത്ത് 2814 സ്കൂളുകളിലായി 4.43 ലക്ഷം വിദ്യാർഥികൾക്കാണ് അക്ഷയ പാത്ര ഫൗണ്ടെഷൻ ഭക്ഷണം തയ്യാറാക്കി നൽകുന്നത്. ഉച്ചഭക്ഷണത്തിൽ വെളുത്തുള്ളിയും ഉള്ളിയും ചേർക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന് കാണിച്ചാണ് ഉച്ചഭക്ഷണത്തിൽ ഇവ ചേർക്കരുതെന്ന് തയ്യാറാക്കുന്നവർക്ക് ഫൗണ്ടെഷൻ പ്രത്യേകം നിർദ്ദേശം നൽകിയത്.
യോഗിക്ക് ഫിലോസഫിയില്‍ സാത്വിക്, രജസിക്, തമസിക് എന്നിങ്ങനെ മൂന്നു തരം മനുഷ്യരെ കുറിച്ച് പഠിക്കുന്നുണ്ട്. ഇവ മൂന്നും ചേര്‍ന്നതാണ് സാധാരണ മനുഷ്യര്‍. അവഗണനയും ആലസ്യവും നിറഞ്ഞതാണ് തമസിക് സ്വഭാവം. തമസിക് സ്വഭാവമുള്ളയാള്‍ ഉദാസീനനായിരിക്കും അക്രമം, അന്ധവിശ്വാസം എന്നിവയില്‍ താല്‍പര്യമുള്ളയാളുമായിരിക്കും. ഇവയ്ക്ക് കാരണമാകുന്ന ചേരുവകളാണ് വെളുത്തുള്ളിയും ഉള്ളിയും എന്നാണ് അക്ഷയ പാത്ര ഫൗണ്ടെഷൻ വിശ്വസിക്കുന്നത്. ഈ കാരണത്താലാണ് ഭക്ഷണത്തിൽ ഇവ ചേർക്കാത്തെതന്നും ഫൗണ്ടെഷൻ വ്യക്തമാക്കി.
അതേസമയം കുട്ടികൾക്ക് പോഷകമടങ്ങിയ ആഹാരം നൽകാത്തതില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. ലക്ഷകണക്കിന് വിദ്യാർഥികളുടെ മേൽ അക്ഷയ പാത്ര ഫൗണ്ടെഷൻ മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ഫൗണ്ടെഷനുമായുള്ള കോൺട്രാക്റ്റ് സർക്കാർ പിൻവലിക്കണമെന്ന് കാണിച്ചാണ് പ്രതിഷേധം. ഭക്ഷണത്തിനുള്ള അവകാശം, ജൻ സ്വസ്ത്യ അഭിയാൻ തുടങ്ങിയ ക്യാപയിനുകളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. കൂടാതെ അക്ഷയ പാത്ര ഫൗണ്ടെഷൻ സർക്കാരുമായി ഒപ്പുവച്ച കരാറുപ്രകാരമുള്ള നിബന്ധനകളെല്ലാം ലംഘിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
അക്ഷയ പാത്ര ഫൗണ്ടെഷന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ഭക്ഷ്യസുരക്ഷ കമ്മിഷൻ സർക്കാരിന് കത്തയിച്ചിരുന്നു. ഇതിന്റെ ഭാഗമായി, മറ്റ് എൻജിഒ സംഘടനകൾ മെനുവിലുള്ള ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യുമ്പോൾ എന്തുകൊണ്ട് നിങ്ങൾക്ക് കഴിയുന്നില്ലെന്ന് ആരാഞ്ഞ് ഫൗണ്ടെഷന് സർക്കാർ കത്തയച്ചു. എന്നാൽ ഭക്ഷണം ഉണ്ടാക്കുന്നതിന് ഉള്ളിയും വെളുത്തുള്ളിയും നിർബന്ധമില്ലെന്നും അത് രണ്ടും പോഷകാഹാരത്തിന് ആവശ്യമുള്ളവയല്ലെന്നുമായിരുന്നു ഫൗണ്ടെഷന്റെ മറുപടി.
2019 ഫെബ്രുവരിയിൽ ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ചേർക്കണമെന്ന് നിർദ്ദേശിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും ഫൗണ്ടെഷന് കത്തയച്ചു. അതേസമയം ഫൗണ്ടെഷന്റെ അനാസ്ഥയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് കർണാടക സർക്കാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
