ദില്ലി: ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. കഴിഞ്ഞ ദിവസം ഭീകര സംഘടനകള്‍ പുറത്തിറക്കിയ വീഡിയോയിലാണ് സവാഹിരി ഇന്ത്യയെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. കശ്മീരിനെ മറക്കരുതെന്നും ഇന്ത്യന്‍ ആര്‍മിക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും സവാഹിരി വീഡിയോയില്‍ പറഞ്ഞു. കശ്മീരിലെ ഭീകരവാദം വളര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍റെ പങ്കും അദ്ദേഹം വിവരിച്ചു.

ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി മുജാഹിദ്ദീനുകള്‍ നല്‍കണം. സൈന്യത്തിനെതിരെയും സര്‍ക്കാറിനെതിരെയും പ്രവര്‍ത്തിച്ച് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ തകര്‍ക്കുന്നതിലും ആള്‍നാശം വരുത്തുന്നതിലുമായിരിക്കണം മുജാഹിദ്ദീനുകള്‍ ശ്രദ്ധിക്കേണ്ടതെന്നും സവാഹിരി സന്ദേശത്തില്‍ വ്യക്തമാക്കി. കശ്മീരിന് വേണ്ടിയുള്ള പോരാട്ടം പ്രത്യേകമല്ലെന്നും ലോകത്താകമാനമുള്ള ജിഹാദി പോരാട്ടത്തിന്‍റെ ഭാഗമാണെന്നും സവാഹിരി പറഞ്ഞു. കശ്മീരിന് വേണ്ടിയുള്ള പോരാട്ടത്തിന് ലോകത്താകമാനമുള്ള മുസ്ലിം സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കാന്‍ പണ്ഡിതര്‍ ശ്രദ്ധിക്കണം.

മുസ്ലിം പള്ളികള്‍, മാര്‍ക്കറ്റുകള്‍, മുസ്ലിം സാന്നിധ്യമുള്ള പ്രദേശങ്ങള്‍ എന്നിവ ആക്രമണത്തില്‍നിന്ന് ഒഴിവാക്കണമെന്നും സവാഹിരി വീഡിയോയില്‍ പറയുന്നു. ജമ്മു കശ്മീര്‍ മേഖലയിലെ ഭീകര പ്രവര്‍ത്തനത്തിന് കുറവുണ്ടായതാണ് ഇത്തരമൊരു വീഡിയോ പുറത്തിറക്കാന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചതെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സവാഹിരിയുടെ വീഡിയോയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.