മദ്യം കഴിച്ചാല്‍ തൊണ്ടയിലുള്ള കൊറോണ വൈറസുകള്‍ നശിച്ചുപോകുമെന്നാണ് എംഎല്‍എയുടെ അവകാശവാദം.
ജയ്പൂര്‍: മദ്യത്തിന് കൊറോണ വൈറസിനെ കൊല്ലാനുള്ള കരുത്തുണ്ടെന്നും അതുകൊണ്ട് ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. സാന്‍ഗോഡ് നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയ ഭരത് സിംഗ് കുന്തന്‍പുര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയച്ചു.
മദ്യത്തിന്‍റെ അംശം ഉള്ള ഹാന്‍റ് സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൊറോണ വൈറസ് നശിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മദ്യം കഴിച്ചാല്‍ തൊണ്ടയിലുള്ള കൊറോണ വൈറസുകള്‍ നശിച്ചുപോകുമെന്നാണ് എംഎല്‍എയുടെ അവകാശവാദം. അതുകൊണ്ട് മദ്യശാലകള്‍ ഉടന്‍ തുറക്കണമെന്ന് ഭരത് സിംഗ് കുന്തന്‍പുര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
മദ്യശാലകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്ത് അനധികൃത മദ്യ നിര്‍മ്മാണവുും വര്‍ധിച്ചിരിക്കുകയാണ്. ഇത് തടയണം. ബാറുകള്‍ തുറന്നില്ലെങ്കില്‍ സര്‍ക്കാരിന്‍റെ വരുമാനത്തെ ബാധിക്കുമെന്നും എംഎല്‍എ പറയുന്നു. രാജ്യസ്താനില്‍ മദ്യശാലകള്‍ തുറക്കണമെന്ന് പറയുന്ന രണ്ടാമത്തെ എംഎല്‍എയാണ് ഭരത് സിംഗ്.
നേരത്തെ ഭാദ്ര നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിപിഎം എംഎല്‍എ ബലവന്ത് സിംഗ് പുനിയയും ബാറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് മദ്യശാലകല്‍ അടച്ചതോടെ അനധികൃത മദ്യമാഫിയ രംഗത്ത് വന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം മദ്യശാലകള്‍ തുറക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നത്.
