വിഷയത്തിൽ തൃപ്തികരമായ ഒരു മറുപടിയും സ‍ർക്കാരിൽ നിന്നുണ്ടായില്ലെന്നും പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിലും സ‍ർക്കാരിൽ നിന്നും കൃത്യമായ വിശദീകരണം കിട്ടിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

ലക്നൗ: ഹാഥ്റസ് സംഭവത്തിൽ യുപി സ‍ർക്കാരിനും പൊലീസിനുമെതിരെ അലഹബാദ് ​ഹൈക്കോടതിയിൽ നിന്നുണ്ടായത് രൂക്ഷവിമ‍ർശനം. കഴിഞ്ഞ ദിവസം കേസ് പരി​ഗണിച്ച അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിൽ നിന്നും ഉത്തരവിൻ്റെ പക‍ർപ്പ് പുറത്തു വന്നപ്പോൾ യുപി സ‍ർക്കാരിനെതിരെ രൂക്ഷവി‍മർശനമാണ് ഹൈക്കോടതി നടത്തിയത് എന്നാണ് വ്യക്തമാവുന്നത്. 

പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചതിനെ കടുത്ത ഭാഷയിലാണ് കോടതി വി‍മർശിച്ചത്. ഭരണനി‍ർവഹണം എന്നാൽ ജനങ്ങളെ സേവിക്കുകയും സംരക്ഷിക്കലുമാണെന്നും അല്ലാതെ സ്വാതന്ത്രത്തിന് മുൻപുള്ള പോലെ ഭരിക്കുകയും നിയന്ത്രിക്കുകയുമല്ല വേണ്ടതന്നും കോടതി ഓ‍ർമ്മിപ്പുക്കുന്നു. 

ഹാഥ്റസിൽ കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബം നേരത്തെ തന്നെ പരാതി പറഞ്ഞ ജില്ലാ മജിസ്ട്രേറ്റിനെതിരേയും (കളക്ട‍ർ) കോടതി രൂക്ഷവിമ‍ർശനമാണ് നടത്തിയത്. ജില്ലാ മജിസ്ട്രേറ്റിനെതിരെ എന്തു കൊണ്ടു നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ തൃപ്തികരമായ ഒരു മറുപടിയും സ‍ർക്കാരിൽ നിന്നുണ്ടായില്ലെന്നും പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിലും സ‍ർക്കാരിൽ നിന്നും കൃത്യമായ വിശദീകരണം കിട്ടിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

സാമൂഹ്യ ഐക്യം തകരാതെ മധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പ്രതികരണം നടത്തൻ പൂർണ അനുമതി നൽകണം എന്നും കോടതി നി‍ർദേശിച്ചു. ക്രമസമാധാനത്തിന്റെ പേരിൽ ആചാരമനുസരിച്ച് സംസ്‌കാരത്തിന് അനുമതി നിഷേധിച്ചത് അംഗീകരിക്കാൻ ആവില്ല. മകളുടെ മൃതദേഹം മാന്യമായി സംസ്കരിക്കാനുള്ള അവകാശം പോലും പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപ്പെട്ടു. മൃതദേഹം അരമണിക്കൂ‍ർ നേരത്തെങ്കിലും വിട്ടു കൊടുത്ത് ക‍ർമ്മങ്ങൾ നിർവഹിക്കാൻ കുടുംബത്തെ അനുവദിക്കാതിരുന്നത് മനുഷ്യാവകാശലംഘനമാണെന്നും കോടതി അഭിപ്രായപ്പെടുന്നു.