Asianet News MalayalamAsianet News Malayalam

അതിർത്തി പുകയുന്നു; രാജ്യത്തെ ഒൻപത് വിമാനത്താവളങ്ങൾ അടച്ചു; ഇന്ത്യ കനത്ത ജാഗ്രതയിൽ

പാക് വിമാനങ്ങൾ അതിർത്തി കടന്നെത്തി ബോംബ് വർഷിച്ചതിനെത്തുടർന്നാണ് ജമ്മു കശ്മീരിലേക്കുള്ള വ്യോമഗതാഗതം പൂർണമായി നിർത്തി വച്ചത്. 

all airspaces in jammu kashmir is shut
Author
Jammu and Kashmir, First Published Feb 27, 2019, 12:45 PM IST

ശ്രീനഗർ: അതിർത്തി കടന്ന് പാക് വിമാനങ്ങളെത്തിയ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ജമ്മു കശ്മീരിലേക്കുള്ള വ്യോമഗതാഗതം പൂർണമായും നിർത്തി വച്ചു. ജമ്മു, ശ്രീനഗർ, പഠാൻകോട്ട്, ലെ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടെ നിന്നുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി. ഇന്ന് ഈ നാല് വിമാനത്താവളങ്ങളിലേക്കും എത്താനിരുന്ന എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുമുണ്ട്.

ചില വിമാനക്കമ്പനികൾ അമൃത്‍സർ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്നുമുള്ള വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, തലസ്ഥാനമായ ഇസ്ലാമാബാദിലെ വിമാനത്താവളവും അതിർത്തിപ്രദേശങ്ങളിലെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. ഇവിടെ നിന്നുള്ള വിദേശ വിമാനസർവീസുകളടക്കം നിർത്തിവച്ചു. 

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ ഇന്ന് രാവിലെ മുതൽ പാകിസ്ഥാൻ കനത്ത പ്രകോപനമാണ് നടത്തുന്നത്. ഗ്രാമീണരെ മറയാക്കി കനത്ത മോർട്ടാർ ഷെല്ലിംഗും പാകിസ്ഥാൻ നടത്തുന്നു.

ഉറി, പൂഞ്ച്, രജൗരി അടക്കമുള്ള മേഖലകളിലും വലിയ രീതിയിൽ ആക്രമണമുണ്ടായി. അതിർത്തിയിലെ പാക് സൈനികപോസ്റ്റ് ഇന്ത്യ ആക്രമിച്ച് തകർത്ത് തിരിച്ചടിച്ചു. ജനവാസമേഖലയിലേക്ക് ഏറ്റുമുട്ടലിന്‍റെ ആഘാതമുണ്ടാകാതിരിക്കാൻ ഇന്ത്യൻ സൈന്യം ശ്രദ്ധിക്കുന്നുണ്ട്. രജൗരിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചില ഗ്രാമങ്ങൾ സൈന്യം ഒഴിപ്പിച്ചിട്ടുമുണ്ട്.

പഞ്ചാബ്, ഹരിയാന അതിർത്തിപ്രദേശങ്ങളിൽ സൈന്യം കനത്ത ജാഗ്രതയിലാണ്. ഇന്നലെ രാജസ്ഥാനിലെ അതിർത്തിപ്രദേശത്ത് കണ്ട പാകിസ്ഥാനി ഡ്രോൺ ഇന്ത്യ വെടിവച്ചിട്ടിരുന്നു.

Follow Us:
Download App:
  • android
  • ios