അധ്യാപകർക്കും ഒരേ തരത്തിലുള്ള വസ്ത്രം വേണമെന്നാണ് പൊതുതാത്പര്യഹർജിയിൽ പറയുന്നു. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ദില്ലി: ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാല്‍പര്യഹര്‍ജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണ് ഇതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹിജാബ് നിരോധനത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന കാര്യവും നിഖില്‍ ഉപാധ്യായ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതി നിർദേശം നൽകണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. കർണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്നാലോചിക്കണമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് ഇടപെടുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയത്തില്‍ അടിയന്തര വാദം കേട്ടില്ല.
ഹിജാബ് വിവാദത്തില്‍ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
ഹര്‍ജിയില്‍ ഇടപെടേണ്ട സമയമായിട്ടില്ല. വിഷയം കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കണോയെന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു. തെറ്റായി എന്തെങ്കിലും സംഭവിച്ചാല്‍ ഇടപെടാമെന്ന് വ്യക്തമാക്കി ഹര്‍ജികളില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.
ഇടക്കാല ഉത്തരവ് നടപ്പാക്കിയാല്‍ ഭരണഘടനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ഈ മാസം പതിനഞ്ചാംതീയതി നടക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിഖ് മതസ്ഥര്‍ക്കും ഉത്തരവ് തിരിച്ചടിയാകുമെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, വാക്കാലുള്ള ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിച്ച കർണാടക ഹൈക്കോടതി വെള്ളിയാഴ്ച വിധി പകര്‍പ്പ് പുറത്ത് വിട്ടു. പ്രതിഷേധിക്കുന്നതിന് പകരം കുട്ടികള്‍ ക്ലാസില്‍ കയറുന്നതാണ് നല്ലതെന്ന് ഇടക്കാല ഉത്തരവിലെ വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നു. പ്രക്ഷോഭങ്ങള്‍ തുടരുന്നതില്‍ ആശങ്കയറിയിച്ച കോടതി അക്കാദമിക് സമയം നീട്ടുന്നത് കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിനും ഉപരിപഠനത്തിനും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി.
ഹർജിയിൽ അന്തിമതീരുമാനമുണ്ടാകുന്നത് വരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കുട്ടികൾ ഹിജാബും കാവിഷാളും ധരിക്കരുതെന്ന് നിർദേശിക്കുന്ന കർണാടക ഹൈക്കോടതി, വിഷയങ്ങളില്‍ പ്രതിഷേധിക്കുന്നതിന് പകരം ക്ലാസുകളിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും നിരീക്ഷിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്രയും വേഗം തുറക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് സര്‍ക്കാരിനോടും ഏഴ് പേജുള്ള വിധികര്‍പ്പില്‍ കോടതി ആവശ്യപ്പെടുന്നു.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജുകള്‍ ഈ മാസം 16 വരെ തുറക്കേണ്ടതില്ലെന്നാണ് കർണാടക സർക്കാരിന്‍റെ തീരുമാനം. ഇന്ന് കര്‍ണാടകയില്‍ നിസ്കാര സൗകര്യം ഒരുക്കിയ സ്കൂളിനെതിരെ കർണാടക വിദ്യാഭ്യാസവകുപ്പ് നടപടിക്കൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വിവാദമായിരുന്നു. ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ എന്തിന് നിസ്കാരസൗകര്യമൊരുക്കിയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസയച്ചു.
ഇതിനിടെ, കർണാടകത്തിലെ ബിദറില്‍ ഹിജാബ് ധരിച്ചെത്തിയ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതിച്ചില്ല. ഹിജാബ് നിരോധനത്തെച്ചൊല്ലി വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇതിനിടെ ഹിജാബ് നിരോധനത്തിനെതിരെ പ്രതികരിച്ച പെൺകുട്ടികൾക്ക് നേരെയുള്ള സൈബര്‍ ആക്രണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ആരോപണവും ഉയരുകയാണ്. ഹിജാബ് നിരോധനത്തിനെതിരെ പ്രതികരിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീട്ടുവിലാസവും മൊബൈല്‍ നമ്പറും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ബിജെപി എംഎല്‍എ രഘുപതി ഭട്ടും, പിയു കോളേജ് പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡയുമെന്നാണ് ആരോപണം. രാഷ്ട്രീയ ഗൂഢാലോചനയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി എസ്പിക്ക് മാതാപിതാക്കള്‍ പരാതി നല്‍കി.