രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ പൊതു സ്ഥലങ്ങളില്‍ നാലു പേരില്‍ അധികം ആളുകള്‍ ഉള്ള കൂടിച്ചേരലുകള്‍ അനുവദിക്കില്ല. വിവാഹം, പൊതുചടങ്ങുകള്‍, മതപരമായ ചടങങുകള്‍, രാഷ്ട്രീയ യോഗങ്ങള്‍ എന്നിവയിലും കര്‍ശന നിര്‍ദ്ദേശങ്ങളാണ് മഹാരാഷ്ട്ര മുന്നോട്ട് വച്ചിരിക്കുന്നത്.

കൊവിഡ് കേസുകള്‍ (Covid 19 case) കൂടുന്നു, പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വിലക്കുമായി മഹാരാഷ്ട്ര (Maharashtra). നാലുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതിന് വിലക്ക് (All New Year Gatherings Banned) അടക്കമുള്ള കര്‍ശന നടപടികളിലേക്കാണ് മഹാരാഷ്ട്ര കടന്നിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളിലേക്ക് സംസ്ഥാനമെത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര നടപടികള്‍ കടുപ്പിക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ കുത്തനെ കൂടാന്‍ തുടങ്ങിയതോടെ പുതുവല്‍സരാഘോഷത്തിന് മഹാരാഷ്ട്ര പൂട്ടിട്ടു.

രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ പൊതു സ്ഥലങ്ങളില്‍ നാലു പേരില്‍ അധികം ആളുകള്‍ ഉള്ള കൂടിച്ചേരലുകള്‍ അനുവദിക്കില്ല. വിവാഹം, പൊതുചടങ്ങുകള്‍, മതപരമായ ചടങങുകള്‍, രാഷ്ട്രീയ യോഗങ്ങള്‍ എന്നിവയിലും കര്‍ശന നിര്‍ദ്ദേശങ്ങളാണ് മഹാരാഷ്ട്ര മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായുള്ള പാര്‍ട്ടികളും ബിഎംസി വിലക്കി. മുംബൈയിലെ ഒരു തുറന്നയിടത്തും അടച്ച ഇടങ്ങളിലും പുതുവര്‍ഷ പരിപാടിക്ക് അനുമതിയില്ലെന്നാണ് ബിഎംസി വിശദമാക്കുന്നത്.

അടച്ച ഇടങ്ങളിലെ വിവാഹ പാര്‍ട്ടികളില്‍ 100 പേരില്‍ കൂടുതല്‍ അതിഥികള്‍ പാടില്ല. തുറന്ന ഹാളുകളിലെ പരിപാടികള്‍ക്ക് 250 അതിഥികളോ അല്ലെങ്കില്‍ ഹാളിന്‍റെ 25 ശതമാനം മാത്രം നിറയുന്ന അത്ര പേര്‍ക്കോ പങ്കെടുക്കാം. ഇത് മതപരമായ ചടങ്ങുകള്‍ക്കും രാഷ്ട്രീപരമായ പരിപാടികള്‍ക്കും പൊതു യോഗങ്ങള്‍ക്കും ബാധകമാണ്. സംസ്ഥാനത്ത് ഒമിക്രോണ്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ബിഎംസി ഇക്കാര്യം വിശദമാക്കിയത്. സിനിമാ ഹാളുകള്‍, ജിം, സ്പാ, ഭക്ഷണ ശാലകളില്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.

ഒരു തരത്തിലും ആള്‍ക്കൂട്ടം ഉണ്ടാവുന്ന സാഹചര്യം പ്രോല്‍സാഹിപ്പിക്കപ്പെടരുതെന്നും ബിഎംസി ഉദ്യോഗസ്ഥരോട് വിശദമാക്കി. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത പക്ഷം കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോയെ ശക്തമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വാക്സിന്‍ സ്വീകരണം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാകും പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. കാര്യങ്ങളുടെ സുഗമമായ നടത്തിപ്പ് ജില്ലാ ദുരിതാശ്വാസ അതോറിറ്റിക്ക് കൈമാറിയതായും ബിഎംസി വ്യക്തമാക്കി.