ചെന്നൈ: തമിഴ്നാട്ടില്‍ നേരിട്ട തിരിച്ചടികളില്‍ നിന്ന് കരകയറാനായി പുതിയ നീക്കങ്ങളുമായി ബിജെപി. ദക്ഷിണേന്ത്യ പിടിക്കാന്‍ ആരുമായും സഖ്യത്തിന് തയ്യാറെന്ന് ദക്ഷിണേന്ത്യന്‍ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ഏഷ്യാനെറ്റ് ന്യൂസബിളിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

കര്‍ണാടകയ്ക്ക് പിന്നാലെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കേരളയും ആന്ധ്രയും തെലങ്കാനയും പുതുച്ചേരിയും പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോള്‍. ഇതിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി. ലക്ഷദ്വീപും ബിജെപിയുടെ അടുത്ത ലക്ഷ്യത്തില്‍ ഉള്‍പ്പെടും.

'ആദ്യം രാജ്യം' എന്ന നയമാണ് ബിജെപി പിന്‍പറ്റുന്നതെന്ന് സി ടി രവി പറഞ്ഞു.  ബിജെപിയെ തമിഴ് വിരുദ്ധപാര്‍ട്ടിയായി കാണുന്ന സംസ്ഥാനത്തില്‍ പച്ചപിടിക്കുക എളുപ്പമാണോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസനയം ചൂണ്ടിക്കാട്ടിയാണ് സി ടി രവി മറുപടി നല്‍കിയത്. പുതിയ വിദ്യാഭ്യാസ നയത്തില്‍ സംസ്ഥാനങ്ങളുടെ ഭാഷകള്‍ക്കും ദേശീയ ഭാഷയ്ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും പ്രാദേശിക ഭാഷകളെ അവഗണിക്കുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും രവി പറഞ്ഞു. 

ഓരോ സംസ്ഥാനത്തും അതത് പ്രാദേശിക വാദമുണ്ട്. എന്നാല്‍ ബിജെപിക്ക് എല്ലാവരും ഇന്ത്യയുടെ മക്കളാണ്. അത് മനസ്സില്‍ വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും രവി കൂട്ടിച്ചേര്‍ത്തു. ഡിഎംകെയുമായും സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെയും തമിഴ്നാടിന്റെയും നന്മയ്ക്ക് ആരുമായുള്ള സഖ്യവും ആലോചിക്കുമെന്നും സി ടി രവി വ്യക്തമാക്കി. 

തമിഴ്നാട്ടില്‍ ഇതുവരെയും വേരോട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. നിലവില്‍  ഏതെങ്കിലും പ്രദേശിക പാര്‍ട്ടിയുമായി സഖ്യം ചേരാതെ ഒറ്റ കക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിടുക സാധ്യമല്ല എന്നിരിക്കെയാണ് തെരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടി കൂടുതല്‍ സാധ്യതകള്‍ തേടുന്നത്.

Read Also: Exclusive: 'All options open for BJP on Tamil Nadu alliance'