മുംബൈ: മഹാരാഷ്ട്രയിലെ ബാദൽപൂരിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രക്കാരെയും വിജയകരമായി രക്ഷപ്പെടുത്തി. യാത്രക്കാരെ പ്രത്യേക ട്രെയിനിൽ കോലാപൂരിൽ എത്തിക്കും. എഴുനൂറ് യാത്രക്കാരെയും തിരികെയെത്തിക്കാൻ പത്തൊമ്പത് കോച്ചുകളുമായുള്ള പ്രത്യേക ട്രെയിൻ കല്ല്യാണിൽ നിന്നും പുറപ്പെടും.

കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസാണ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയത്. ദൗത്യത്തിൽ പങ്കാളികളായ ദേശീയ ദുരന്ത നിവാരണസേനയുടെയും സൈന്യത്തിന്‍റെയും അംഗങ്ങളെ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. 

അതേസമയം, മുംബൈയിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കൊങ്കൺ മേഖലയിൽ ജൂലൈ അവസാനം വരെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളായ സയൺ, കുർള, ദാദർ എന്നിവടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.