മംഗളൂരു: ആവശ്യമായ ചികിത്സകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് പോയ മുഴുവന്‍ രോഗികളും മടങ്ങി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെ നാലുപേരാണ് ചികിത്സ തേടി മംഗളൂരുവില്‍ എത്തിയത്. എന്നാല്‍ ആവശ്യപ്പെട്ട ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നെന്നും ആരോപിച്ച് മൂന്ന് രോഗികള്‍ ആദ്യം ദിനം തന്നെ മടങ്ങിയിരുന്നു. ഹൃദ്രോഗിയായ അവസാന രോഗി ഇന്നലെ രാത്രിയാണ് മടങ്ങിയത്. പരിയാരത്ത് ചികിത്സ തുടരാനാണ് ഉപ്പള സ്വദേശിയായ ഇയാളുടെ തീരുമാനം. 

വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞതിന് പിന്നാലെ കാല്‍നടയായി പോലും ആരും അതിര്‍ത്തി മറികടക്കാതിരിക്കാന്‍ മണ്‍കൂനക്ക് മുകളില്‍ മുള്‍ച്ചെടികള്‍ കര്‍ണാടക നിരത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കര്‍ണാടക കുട്ട ചെക്‌പോസ്റ്റിന് സമീപം മണ്ണിട്ട് ഗതാഗതം തടഞ്ഞിരുന്നു. ഈ മണ്‍കൂനക്ക് മുകളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുള്‍ച്ചെടികള്‍ കൊണ്ടിട്ടത്. 

വയനാട്ടില്‍ നിന്ന് കുട്ടയിലും പരിസരപ്രദേശങ്ങളിലേക്കുമായി മരുന്നുകളും അത്യാവശ്യസാധനങ്ങളും മണ്‍കൂനവരെ നടന്നെത്തിച്ച് കൈമാറിയിരുന്നു. ഇത് തടയുകയാണ് മുള്‍ച്ചെടികള്‍ നിരത്തിയതിന് പിന്നിലെ ലക്ഷ്യമെന്നാണ് ആരോപണം. കുട്ടയിലും പരിസരപ്രദേശങ്ങളിലും ജോലിക്കും മറ്റുമായെത്തി ഇവിടെ താമസമാക്കിയവര്‍ക്കായിരുന്നു ഇത്തരത്തില്‍ അവശ്യമരുന്നുകളും സാധനങ്ങളും കേരളം എത്തിച്ചു നല്‍കിയിരുന്നത്.