അഹമ്മദാബാദ്: കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അഹമ്മദാബാദ് സമ്പൂർണ ലോക് ഡൗണിലേക്ക്.  ഇന്ന് അർധരാത്രി മുതൽ ഈ മാസം 15 ന് അർധരാത്രി വരെ കർഫ്യൂവിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പാലും മരുന്നും ഒഴികെയുള്ള ഒരു കടകളും തുറക്കാൻ അനുവാദമില്ല. പച്ചക്കറി, പലചരക്ക്, പഴവർഗങ്ങൾ ഉൾപ്പെടെ ഉള്ള കടകളും തുറക്കാൻ പാടുള്ളതല്ലെന്ന് അഹമ്മദാബാദ് മുൻസിപ്പൽ കമീഷണർ അറിയിച്ചു.

ഗുജറാത്തിലെ 71 ശതമാനം കൊവിഡ് രോഗികളും അഹമ്മദാബാദിലാണ്. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നത്. ഗുജറാത്തില്‍ ഇതുവരെ 6245 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4425 പേരും അഹമ്മദാബാദിലാണ്. രോഗബാധ തടയാനാവാത്ത സാഹചര്യത്തിൽ അഹമ്മദാബാദ് നഗരത്തിൻറെ മേൽനോട്ടം രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാർക്ക് നല്കിയിട്ടുണ്ട്.