അലഹാബാദ്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിക്ക് ജാമ്യം അനുവദിച്ച് കോടതി. ലക്നൌ കോടതിയുടെ അലഹബാദ് ബെഞ്ചിന്‍റേതാണ് തീരുമാനം. 2017 മാര്‍ച്ച് മുതല്‍ കൂട്ടബലാല്‍സംഗക്കേസില്‍ മുന്‍ യുപി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതി ജയിലില്‍ കഴിയുകയായിരുന്നു. 

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മകളെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഗായത്രി പ്രജാപതിയെ ലക്‌നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നേരത്തെ കേസില്‍ പ്രജാപതിക്ക് ജാമ്യം അനുവദിച്ചത് വന്‍ വിവാദമായിരുന്നു. 

നേരത്തെ പ്രജാപതിയ്ക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ജഡ്ജിയെ അലഹബാദ് ഹൈക്കോടതി ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജ് ഒ.പി. മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം പ്രജാപതിക്ക് അനുവദിച്ച ജാമ്യവും അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയെ സമീപച്ചതിനേ തുടര്‍ന്നായിരുന്നു ഈ നടപടി. 2014 ഒക്ടോബറില്‍ ആരംഭിച്ച പീഡനം 2016 ജൂലൈ വരെ തുടര്‍ന്നുവെന്നായിരുന്നു പരാതി.