നിയമസഭ നടക്കുമ്പോൾ ഫോണിൽ ​ഗെയിം കളിക്കുന്നതിന്റെ‌യും ലഹരിപദാർത്ഥം ഉപയോ​ഗിക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ രാഷ്ട്രീയ ലോക്ദളിന്റെ‌യും സമാജ് വാദി പാർട്ടിയുടെയും കടന്നാക്രമണം. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇരുപാർട്ടികളും പുറത്തുവിട്ടത്. 

ലഖ്നൗ: ഉത്തർപ്രദേശിലെ ഭരണകക്ഷി എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. നിയമസഭ നടക്കുമ്പോൾ ഫോണിൽ ​ഗെയിം കളിക്കുന്നതിന്റെ‌യും ലഹരിപദാർത്ഥം ഉപയോ​ഗിക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ രാഷ്ട്രീയ ലോക്ദളിന്റെ‌യും സമാജ് വാദി പാർട്ടിയുടെയും കടന്നാക്രമണം. 

നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇരുപാർട്ടികളും പുറത്തുവിട്ടത്. രാഷ്ട്രീയലോക്ദൾ പറയുന്നത് അവർ പുറത്തുവിട്ട വീഡിയോയിലുള്ളത് മഹോബയിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് കുമാർ ​ഗോസ്വാമി ആണെന്നാണ്. രാകേഷ് കുമാർ ​ഗോസ്വാമിയുടെ രൂപസാദൃശ്യമുള്ള വ്യക്തി ഫോണിൽ ചീട്ടുകളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. നിയമസഭാ നടപടികൾ കേൾക്കാനായി ഹെഡ്ഫോൺ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. 

നിയമസഭ‌യിലിരുന്ന് ചീട്ട് കളിക്കുന്ന ഈ മനുഷ്യൻ മഹോബയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്. നിയമസഭയിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന സഭാം​ഗങ്ങളോടുള്ള അദ്ദേഹത്തിന്റെ മനസ്ഥിതിയുമാണ് ഇതിലൂടെ പുറത്തുവരുന്നത്. പൊതുജനസേവനത്തോടുള്ള ബിജെപിയുടെ സമീപനമാണിത്. രാഷ്ട്രീയലോക്ദൾ വീഡിയോയ്ക്കൊപ്പം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

 സമാനമായ വീഡിയോയാണ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പുറത്തുവിട്ടത്. വീഡിയോയിലുള്ളത് ഝാൻസിയിൽ നിന്നുള്ള ബിജെപി എംഎൽഎ രവി ശർമ്മയാണെന്ന് പാർട്ടി വാദിക്കുന്നു. ലഹരി ഉല്പന്നങ്ങൾ കയ്യിൽ വച്ച് ഉപയോ​ഗിക്കാൻ തക്കതാക്കുന്നതിന്റെ വീഡി‌യോയാണിത്. സഭ കൂടുന്നതിനിടെ ഇദ്ദേഹം ലഹരി ഉല്പന്നം വായിലിട്ട് ചവയ്ക്കുന്ന വീഡിയോയുമുണ്ടെന്നും സമാജ് വാദി പാർട്ടി ആരോപിക്കുന്നു. 

ബിജെപി എംഎൽഎ പൊതുജനത്തിന് കാൻസർ പോലെയാണ്. രജനി​ഗന്ധയും തുളസിയും കയ്യിലിട്ട് തിരുമ്മി കാൻസർ പ്രചരിപ്പിക്കുകയാണ് അദ്ദേഹം. യോ​ഗിജീ, ഭാവിയിൽ നിങ്ങളുടെ എംഎൽഎമാർ സഭയിലിരുന്ന് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുമോ? അതിനും ബിജെപി പരിശീലനം നൽകുന്നുണ്ടോ? സമാജ് വാദി പാർട്ടി ട്വീറ്റ് ചെയ്തു. ഈ എംഎൽഎമാർക്ക് മേലെ എന്നാണ് മുഖ്യമന്ത്രി സദാചാരത്തിന്റെ ബുൾഡോസർ ഉരുട്ടുക എന്നാണ് ഈ ട്വീറ്റ് പങ്കുവച്ച് അഖിലേഷ് യാദവ് പരിഹസിച്ചത്. അതേസമയം, വീഡിയോ സംബന്ധിച്ച ആധികാരികതയോ ബിജെപിയുടെ പ്രതികരണമോ ഇതുവരെ പുറത്തുവന്നിട്ടില്ല. 

Scroll to load tweet…

Read Also: 21 എംഎൽഎമാർ വിളിക്കാറുണ്ട്; തൃണമൂലിനെ കുഴപ്പത്തിലാക്കി വീണ്ടും ബിജെപി നേതാവിന്റെ പ്രഖ്യാപനം, പരിഹാസം