മധ്യപ്രദേശിലെ സത്‌നയിൽ ബിജെപി കൗൺസിലറുടെ ഭർത്താവ് അശോക് സിങ് യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചതായി പരാതി. ആറുമാസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തുവരികയായിരുന്നു.  

സത്‌ന: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. റാംപുർ ബാഗേലൻ നഗർ പരിഷത്തിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ്ങിനെതിരെയാണ് യുവതി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

യുവതിയുടെ പരാതി പ്രകാരം ഏകദേശം ആറുമാസം മുൻപാണ് അശോക് സിങ് ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങൾ കാണിച്ച് കഴിഞ്ഞ ആറുമാസമായി ഇയാൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും തുടർച്ചയായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയാണെന്നും യുവതി ആരോപിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതിയുടെ അഹങ്കാരവും വെല്ലുവിളിയും വ്യക്തമാണ്. പീഡനവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും കരഞ്ഞുകൊണ്ട് യുവതി പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ, "എനിക്കൊന്നും സംഭവിക്കില്ല, ഒന്നും സംഭവിക്കില്ല... എവിടെ വേണമെങ്കിലും പരാതിപ്പെട്ടോ" എന്ന് അശോക് സിങ്ങ് പുച്ഛത്തോടെ മറുപടി നൽകുന്നു. അതേസമയം, ഇയാൾ ഒരു പൊലീസുകാരനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തന്റെ ജീവനും കുടുംബത്തിനും ഭീഷണിയുള്ളതിനാലാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്ന് യുവതി പറഞ്ഞു. ഡിസംബർ 20-ന് ഇയാൾ വീണ്ടും അതിക്രമത്തിന് മുതിർന്നതോടെയാണ് യുവതി സത്‌ന എസ്പി ഹൻസ്‌രാജ് സിങ്ങിന് രേഖാമൂലം പരാതി നൽകിയത്. കേസ് ഡിവൈഎസ്പി മനോജ് ത്രിവേദിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ പരാതി നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇയാൾക്കെതിരെ പൊലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്നും തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി പറയുന്നു. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും ഇതുവരെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പൊലീസ് അറിയിച്ചു.