മുംബൈ: ശിവസേനയുമായുള്ള സഖ്യം മഹാരാഷ്ട്രയില്‍ മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍.  ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ യുപിഎക്ക് പിന്നില്‍ അണിനിരക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ രംഗത്തെത്തിയത്. ശിവസേന യുപിഎയുടെ ഭാഗമല്ലെന്നും ഇരുപാര്‍ട്ടികളുടെയും സഖ്യം മഹാരാഷ്ട്രയില്‍ മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഇതുവരെ ശിവസേന യുപിഎയുടെ ഭാഗമായിട്ടില്ല. മഹാരാഷ്ട്രയില്‍ അവരുമായുള്ള സഖ്യം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎയെക്കുറിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യുപിഎ അധ്യക്ഷനാകില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ തന്നെ വ്യക്തമാക്കിയതാണ്. യുപിഎ സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ വിശ്വസിച്ചാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ യുപിഎയുടെ കീഴില്‍ എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളും അണിനിരക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞത്. യുപിഎ വിപുലീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.