ത്രിവർണ പതാകയെ പ്രധാനമന്ത്രി ഭയക്കുന്നുണ്ടോ എന്ന് ചോദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. തിരംഗ മാർച്ചിൽ 11 പേർക്ക് മാത്രം ദില്ലി പൊലീസ് അനുമതി നൽകി. കൊണാട്ട് പ്ലേസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ്, പൊതുജനങ്ങളോട് പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി: ത്രിവർണ പതാകയെ എന്തിനാണ് തടയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സ്വന്തം റാലിയിലെ ത്രിവർണ പതാകയെ മോദി തടയുമോ? തിരംഗ മാർച്ച് എന്തായാലും നടക്കുമെന്നും ദിപ്കെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് സിജെപി ആവർത്തിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സ്വതന്ത്ര അന്വേഷണം വേണം. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികൾ സംബന്ധിച്ചും അന്വേഷണം വേണം. സമാധാനപൂർവ്വമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് രാത്രി വൈകി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സിജെപി നേതാക്കൾ വ്യക്തമാക്കി.

അതേസമയം സിജെപി പ്രതിഷേധത്തിന് 11 പേരെ അനുവദിക്കാമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 11 നേതാക്കളുടെ പേര് നൽകാൻ നിർദ്ദേശം നൽകി. കൊണാട്ട്പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ അനുവാദം നൽകും. സെൻട്രൽ പാർക്കിന് ചുറ്റും 6000 പൊലീസുകാരെ നാളെ വിന്യസിക്കും. പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുത് എന്നും ദില്ലി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് കുറച്ചു പേരെ പ്രതിഷേധിക്കാൻ അനുവദിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയത്.

ഒക്ടോബർ 16-ന് വൈകുന്നേരം 5 മണിക്ക് ത്രിവർണ്ണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തത്- "ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ, നരേന്ദ്ര മോദി ഈ 100 സ്ഥലങ്ങളും അടച്ചിടുമോ?" എന്നാണ് ദിപ്കെയുടെ ചോദ്യം. അതേസമയം കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും ബിഎൻഎസിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ്, പൊതുജനങ്ങളോട് ഇവിടെ ഒത്തുചേരരുതെന്ന് അഭ്യർത്ഥിച്ചു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

YouTube video player