Asianet News MalayalamAsianet News Malayalam

സഹോദരിയടക്കം 3 പേർ, ഇരകളുടെ പ്രായം 1 വയസിലും കുറവ്; ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ

ബിഹാറിലെ മുഷഹര്‍ സ്വദേശിയായ എട്ട് വയസ് പ്രായമുള്ള അമര്‍ജീത് സദ സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

Amarjeet Sada eight year old alleged serial killer who labeled a sadist by psychologists etj
Author
First Published May 26, 2023, 1:04 PM IST

മുഷഹര്‍: ക്രൂരമായ കൊലപാതകങ്ങളില്‍ ചെറുപ്രായത്തിലുള്ള വ്യക്തികള്‍ ഏര്‍പ്പെടുമ്പോള്‍ സമൂഹത്തിന് അമ്പരപ്പാണ് പലപ്പോഴും കാണാനുള്ളത്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലറെന്ന് പേരില്‍ അറിയപ്പെടുന്നത് ഇന്ത്യക്കാരനായ ഒരു എട്ട് വയസുകാരനാണ്. ബിഹാറിലെ മുഷഹര്‍ സ്വദേശിയായ എട്ട് വയസ് പ്രായമുള്ള അമര്‍ജീത് സദ സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കടുത്ത ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലമായിരുന്നു ചെറുപ്രായത്തിലേ അമര്‍ജീതിന്‍റെ മനസിനെ താളം തെറ്റിച്ചത്. നിത്യച്ചെലവുകള്‍ക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുന്നതിനിടയിലാണ് അമര്‍ജീത് പിറക്കുന്നത്.

അതിജീവനം തന്നെ വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് അമര്‍ജീതിന് ഏഴ് വയസ് പ്രായമുള്ളപ്പോള്‍ കുടുംബത്തില്‍ ഒരു കുഞ്ഞ് കൂടി പിറക്കുന്നത്. അനിയത്തിയുടെ വരവോടെ ലഭിച്ചിരുന്ന അല്‍പ ശ്രദ്ധ പോലും അമര്‍ജീതിനോട് കാണിക്കാന്‍ പറ്റാത്ത ദുരിതത്തിലായി അവന്‍റെ കുടുംബം. ഏകാന്തത കൂടിയതോടെ തന്‍റേതായ വിനോദ മാര്‍ഗങ്ങളും അമര്‍ജീത് കണ്ടെത്തി തുടങ്ങി. ഗ്രാമത്തിലെ ഉയരമുള്ള മരങ്ങളില്‍ കയറി കാഴ്ചകള്‍ കാണുന്നതായിരുന്നു ഏഴ് വയസുകാരനായ അമര്‍ജീതിന്‌‍റെ പ്രധാന വിനോദം.  മക്കള്‍ മുതിര്‍ന്നാല്‍ വീട്ടിലെ പട്ടിണിക്ക് മാറ്റമുണ്ടാകുമെന്ന് ഒരു വേള ആ രക്ഷിതാക്കളും പ്രതീക്ഷിച്ചിരിക്കണം. ഇതിനിടയിലാണ് അമര്‍ജിതിനെയും കുടുംബത്തേയും സന്ദര്‍ശിക്കാനായി ബന്ധുവായ സ്ത്രീ കുഞ്ഞിനേയും കൂട്ടി എത്തുന്നത്. തൊഴില്‍ തേടി പോവുന്നതിനിടയില്‍ കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിച്ച് പോകാനായി അവര്‍ കണ്ടെത്തിയ ഇടം അമര്‍ജീതിന്‍റെ കുടുംബമായിരുന്നു. ഗ്രാമത്തിലെ പ്രാദേശിക ചന്തയിലെ ജോലിക്കിടയില്‍ ഒരു കുട്ടിയെ കൂടി നോക്കുകയെന്നത് അമര്‍ജീതിന്‍റെ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല. ആ ഉത്തരവാദിത്തം അവര്‍ ഏഴ് വയസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു.

സ്വന്തം സഹോദരിയോടൊപ്പം ബന്ധുവിന്‍റെ കുഞ്ഞിനേയും അവര്‍ അമര്‍‌ജീതിനെ ഏല്‍പ്പിച്ച് ജോലിക്ക് പോയി തുടങ്ങി. എന്നാല്‍ വീട്ടില്‍ തന്നെയായതോടെ വിനോദത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ ബന്ധുവിന്‍റെ കുഞ്ഞിന് നേരെയായി അമര്‍ജീതിന്‍റെ ദേഷ്യം മുഴുവന്‍. പിഞ്ചു കുഞ്ഞിനെ നോവിച്ച് കരയിക്കലായി അവന്‍റെ വിനോദം പിന്നീട് വേദനിപ്പിക്കലിന്‍റെ രീതിമാറി. കഴുത്തിന് അമര്‍ത്തിപ്പിടിച്ച് പിഞ്ചുകുഞ്ഞ് ശ്വാസത്തിന് വേണ്ടി പിടയുന്നത് കണ്ട് രസിക്കലായി വിനോദം. വിനോദം കൈ വിട്ട് പോവുന്നത് അമര്‍ജീതും കാര്യമായെടുത്തില്ല. വൈകാതെ തന്നെ ബന്ധുവിന്‍റെ കുഞ്ഞിന്‍റഎ മൃതദേഹം അമര്‍ജീതിന്‍റെ അമ്മ വീടിന്  സമീപത്തെ പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭയന്നുപോയ അവര്‍ വിവരം ആരേയും അറിയിച്ചില്ലെന്ന് മാത്രമല്ല കുട്ടി മരണപ്പെട്ടതില്‍ ബന്ധുവിനെ തെറ്റിധരിപ്പിക്കുന്ന കാരണവും നല്‍കാനും അമ്മ ശ്രമിച്ചു ഒപ്പം അമര്‍ജീതിന് ക്രൂരമായി മര്‍ദ്ദിച്ചാണ് അവര്‍ ശിക്ഷ നടപ്പിലാക്കിയതും. കാര്യങ്ങള്‍ അവിടെ കൊണ്ടും തീര്‍ന്നില്ല. ബന്ധുവിന്‍റെ കുഞ്ഞിന് പിന്നാലെ എട്ട് മാസം പ്രായമുള്ള സ്വന്തം സഹോദരിയായിരുന്നു അമര്‍ജീതിന്‍റെ അടുത്ത ഇര. പെണ്‍കുട്ടിയുടെ മരണം കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും ചര്‍ച്ചയായെങ്കിലും അതൊരു കുടുംബ വിഷയമായി മാത്രം ചുരുങ്ങിയത് അമര്‍ജീതിലെ കൊലയാളിക്ക് ഊര്‍ജം പകരുന്ന നടപടിയായിരുന്നു.

ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിന് സമീപത്ത് നിന്ന് അടയാളം പോലും അവശേഷിപ്പിക്കാതെ കാണാതായ ആറ് മാസം പ്രായമുള്ള ഖുഷ്ബൂ എന്ന പെണ്‍കുട്ടിയായിരുന്നു അവന്‍റെ അടുത്ത ഇര. എന്നാല്‍ ഈ സംഭവത്തില്‍ ഖുഷ്ബൂവിന്‍റെ മാതാവ് പ്രതിയെ കണ്ടെത്തുന്നത് വരെ പൊലീസിനെ ശല്യം ചെയ്തുകൊണ്ടിരുന്നു.  പൊലീസ് പിടിയിലായ ശേഷം ഭയത്തിന്‍റെ അംശം പോലുമില്ലാതെയാണ് കൊലപ്പെടുത്തിയ സ്ഥലവും കൊല്ലാനുപയോഗിച്ച രീതിയുമെല്ലാം അമര്‍ജീത് നാട്ടുകാര്‍ കാണ്‍കെ പൊലീസിന് വിശദമാക്കി കൊടുത്തത്. മൂന്നാമത്തെ കൊലപാതകത്തോടെ അമര്‍ജീതിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പ്രവേശിപ്പിച്ചു. ഏഴുവയസുകാരനെ ജയിലില്‍ അടയ്ക്കുന്നതിന് രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ശക്തമായിരുന്നില്ല. ചില്‍ഡ്രന്‍സ് ഹോമില്‍ 16 വയസ് വരെ ജീവിച്ച അമര്‍ജീതിന് മാനസികാര്ഗോയ വിദഗ്ധരുടെ സേവനം ലഭിച്ചതായാണ് വിവരം.

സ്വഭാവത്തിലെ വൈരുധ്യവും സാഡിസ്റ്റുമാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും പതിനാറാം വയസില്‍ അമര്‍ജീത് ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്ത് വന്നു.  എവിടെയാണെന്ന് പോലും അറിയാതെ പുതിയൊരു പേരിലായിരുന്നു ഈ പുറത്ത് വരല്‍. 2023ല്‍ ഇരുപതുകളുടെ ആദ്യത്തിലാണ് അമര്‍ജീതുള്ളത്. എന്നാല്‍ എവിടെയാണെന്നോ പുതിയ പേരെന്താണെന്നോ കാണാന്‍ എങ്ങനെയാണെന്നോ ഉള്ള ഒരു വിവരവും അമര്‍ജീതിനേക്കുറിച്ച് ലഭ്യമല്ല. 

Follow Us:
Download App:
  • android
  • ios