തിരുവനന്തപുരം: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷം ഒന്നുരണ്ട് ദിവസത്തിനുള്ളിൽ അയയാനാണ് സാധ്യതയെന്ന് നയതന്ത്ര വിദഗ്ധൻ കെ പി ഫാബിയാൻ. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പാകിസ്ഥാൻ യുദ്ധം ആഗ്രഹിക്കുന്നെങ്കിൽ ഇന്ത്യക്കത് പ്രതിരോധിക്കേണ്ടിവരും. പക്ഷേ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസ്താവനയിൽ പാകിസ്ഥാൻ അയയുന്ന ലക്ഷണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് അവർ ചർച്ചക്കിടെയാണ് കെ പി ഫാബിയാന്‍റെ പ്രതികരണം.

ഒരുപക്ഷേ യുദ്ധമുണ്ടായാൽ ഇന്ത്യയുടെ സൈനിക ശക്തിക്ക് മുമ്പിൽ പാകിസ്ഥാന് പിടിച്ചുനിൽക്കാനാകില്ല. ആണവായുധം ഉപയോഗിക്കേണ്ടി വരുമെന്ന് പാകിസ്ഥാൻ അമേരിക്കയെ അറിയിക്കുന്ന സാഹചര്യമുണ്ടാകും. അതോടെ യുദ്ധം നിർത്താൻ ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെടുമെന്നും കെ പി ഫാബിയാൻ നിരീക്ഷിക്കുന്നു. 

കശ്മീരിലെ പ്രശ്നങ്ങൾ ഇന്ത്യയ്ക്കുണ്ട്. പാകിസ്ഥാനെ യുദ്ധത്തിൽ തോൽപ്പിച്ചാലും നമുക്ക് കശ്മീരിലെ പ്രശ്നങ്ങൾ തുടർന്നും നേരിടേണ്ടിവരും. അതുകൊണ്ട് ഇന്ത്യയും യുദ്ധം ആഗ്രഹിക്കുന്നില്ല. പാകിസ്ഥാൻ നിലപാടിൽ അയവുണ്ടാവുകയാണെങ്കിൽ ഇന്ത്യ അതിനോട് അനുകൂലമായി പ്രതികരിക്കണമെന്നും കെ പി ഫാബിയാൻ ആവശ്യപ്പെട്ടു. ഒപ്പം പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ അവർ തിരികെ തരികയും വേണമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തടവുകാരന് നൽകേണ്ട ബഹുമാനവും അന്തസും വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധന് പാകിസ്ഥാൻ നൽകിയിട്ടില്ലെന്നാണ് അവിടെ നിന്ന് ആദ്യം പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും സൂചിപ്പിക്കുന്നതെന്നും കെ പി ഫാബിയാൻ പറഞ്ഞു. ഒരു യുദ്ധത്തടവുകാരനെ പിടികൂടിയാൽ എത്രയും വേഗം ഇന്‍റർനാഷണൽ റെഡ് ക്രോസിനെ അറിയിക്കണം എന്നാണ് അന്താരാഷ്ട്ര നിയമം. എന്നാൽ പാകിസ്ഥാൻ അതും ചെയ്തിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നത്. ഇത് ജനീവ കൺവെൻഷനിലെ കരാറിന്‍റെ ലംഘനമാണ്. ഇക്കാര്യത്തിൽ കൂടി പ്രതിരോധത്തിൽ നിൽക്കുന്നതുകൊണ്ട് പാകിസ്ഥാൻ സൈനികനടപടിയിലേക്ക് ഇനി നീങ്ങാൻ സാധ്യതയില്ലെന്ന് കെ പി ഫാബിയാൻ പറഞ്ഞു.

എതിരാളിയുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കണം. പാകിസ്ഥാനെതിരായല്ല, ഭീകർക്കെതിരായാണ് ആക്രമണം നടത്തിയത് എന്ന് നമ്മൾ പറയുന്നെങ്കിലും പാകിസ്ഥാൻ ജനതയുടെ കാഴ്ചപ്പാടിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചിട്ടുണ്ട്. ജനവികാരത്തെ തൃപ്തിപ്പെടുത്താൻ തിരിച്ചടി നൽകി മുഖം രക്ഷിക്കേണ്ട ആഭ്യന്തര ആവശ്യം അവർക്കുണ്ടായിരുന്നു.

എന്നാൽ ഇന്ത്യൻ സൈന്യത്തിന്‍റെ ജാഗ്രത കൊണ്ട് അത് വിജയിച്ചില്ല. ഏതായാലും ഇനി പാകിസ്ഥാൻ ആക്രമണത്തിന് മുതിരാൻ സാധ്യത കുറവാണെന്നും കെ പി ഫാബിയാൻ നിരീക്ഷിക്കുന്നു. സൈനിക നടപടി തടയുകയാണ് നയതന്ത്രത്തിന്‍റെ ജോലി. സൈനിക നടപടി തുടങ്ങിയാൽ പിന്നെ അത് എത്രയും വേഗം തീർക്കുകയാണ് നയതന്ത്രത്തിന്‍റെ ലക്ഷ്യമെന്നും കെ പി ഫാബിയാൻ കൂട്ടിച്ചേർത്തു.