മുംബൈ: സർക്കാരിന്‍റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‍നവിസ് സംസ്ഥാനത്തെ കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു. കർഷകർക്കായി 5380 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ മഴയില്ലാതെ വലഞ്ഞ കർഷകർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷം മാത്രം 12,000 കർഷകരാണ് മഹാരാഷ്ട്രയിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം.  

കിലോയ്ക്ക് എട്ട് രൂപ നിരക്കിൽ ഉള്ളി വിൽക്കേണ്ടി വന്നതിന് ഒരു കർഷകൻ പൊട്ടിക്കരയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തിയിരുന്നു. സംസ്ഥാനത്ത് അധികാരക്കസേരയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുമ്പോൾ ദുരിതത്തിലായ ഇവരെ ആരും കാണുന്നില്ലെന്ന വിമർശനങ്ങളുയർന്നു.

കർഷകരോഷം ഇരമ്പിയ തെരഞ്ഞ‌െടുപ്പിൽ ഗ്രാമീണ മേഖലകളിൽ ബിജെപിക്ക് ഏറ്റത് കനത്ത തിരിച്ചടിയാണ്. ഇവിടെ നേട്ടമുണ്ടാക്കിയത് എൻസിപിയാണ് താനും. കർഷകർക്കൊപ്പം നിന്ന നേതാവായാണ് ശരദ് പവാറിനെ ഗ്രാമീണ മേഖലയിലുള്ളവർ കണ്ടതും. ഈ സാഹചര്യത്തിലാണ് ഭരണത്തിലേറിയ ഉടൻ അടിയന്തരസഹായ നിധിയിൽ നിന്ന് ഇത്ര വലിയ തുക ബിജെപി സർക്കാർ അനുവദിക്കുന്നതും. 

നാളെ ഈ വിഷയം ചീഫ് സെക്രട്ടറിയുമായും ഫിനാൻസ് സെക്രട്ടറിയുമായും ചർച്ച നടത്തുമെന്നും ഫട്‍നവിസിന്‍റെ ഓഫീസ് അറിയിച്ചു. കർഷകർക്ക് കൂടുതൽ സഹായം പ്രഖ്യാപിക്കും. വരൾച്ചാ ദുരിതാശ്വാസത്തിന് വേണ്ട നടപടികൾ സ്വീകരിക്കും. ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്ന കാര്യം ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച ചെയ്തു. ഈ പദ്ധതി നടത്തിപ്പിനായി പ്രത്യേക പദ്ധതി ക്യാബിനറ്റിന് മുന്നിൽ വച്ചു. ലോകബാങ്ക് പദ്ധതിക്കായി 3500 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചതായും ഫട്‍നവിസിന്‍റെ ഓഫീസ് ട്വീറ്റ് ചെയ്തു. ഒപ്പം പതിനായിരം ഗ്രാമങ്ങളെ കോർപ്പറേറ്റുകളുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട് വില്ലേജ് പദ്ധതിയെക്കുറിച്ചും ചർച്ച നടന്നു. 

കാൻസർ ബാധിതയായ ഒരു സ്ത്രീക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകുന്നതായിരുന്നു ഫട്‍നവിസ് ചുമതലയേറ്റ് ആദ്യം ഒപ്പിട്ട ഫയലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നാളെ സർക്കാരിന്‍റെ ഭാവി എന്താകുമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ജനപ്രിയ പദ്ധതികളുമായി ഫട്‍നവിസ് രംഗത്തെത്തുന്നത്.