Asianet News MalayalamAsianet News Malayalam

'മോദി ഹഠാവോ, ദേശ് ബച്ചാവോ'; പോസ്റ്റർ പോര് കനത്തു, പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി; ഭയമെന്തിനെന്ന് കെജ്‍രിവാൾ

രാജ്യതലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു കൂടേയെന്നാണ് ആം ആദ്മിയോട് ബിജെപി ചോദിക്കുന്നത്

Amid poster row AAP announces Modi Hatao Desh Bachao campaign btb
Author
First Published Mar 23, 2023, 8:00 AM IST

ദില്ലി: 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാർട്ടി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ വിഷയമാക്കാനാണ് തീരുമാനം. ദില്ലിയിൽ ഇന്ന് തുടക്കം കുറിക്കുന്ന പരിപാടിയിൽ അരവിന്ദ് കെജ്‍രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഭയക്കുന്നത് എന്നാണ് കെജ്‍രിവാള്‍ ചോദിച്ചത്.

എന്നാല്‍, രാജ്യതലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു കൂടേയെന്നാണ് ആം ആദ്മിയോട് ബിജെപി ചോദിക്കുന്നത്. ''മോദി ഹഠാവോ, ദേശ് ബച്ചാവോ അഥവാ മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ'' എന്ന പോസ്റ്റര്‍ ദില്ലിയില്‍ വ്യാപകമായി പ്രത്യക്ഷപ്പട്ടിരുന്നു. മുദ്രാവാക്യം ഉയര്‍ത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് ഇന്നലെ കേസ് എടുത്തിരുന്നത്. ആറ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്ററുമായി ആംആദ്മി ആസ്ഥാനത്ത് കണ്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദീനദയാല്‍ ഉപാധ്യായ റോഡിലെ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായാണ് ഒരു വാന്‍ പിടിച്ചെടുത്തത്. വാഹന ഉടമ പോസ്റ്റര്‍ ആം ആംദ്മി പാര്‍ട്ടി ഓഫീസില്‍ ഏല്‍പിക്കാന്‍ പറഞ്ഞുവെന്നാണ് അറസ്റ്റിലായ ഡ്രൈവറുടെ മൊഴി.

മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെയും, കേസില്‍ പെട്ടവരുടെയും വിശദാംശങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പ്രിന്‍റിംഗ് ആക്ട് പ്രകാരവും, മൂന്ന് മാസം വരെ തടവ് കിട്ടാവുന്ന ഡീഫെയ്സ്മെന്‍റ് ഓഫ് പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാകുനന പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുന്‍ മന്ത്രിമാരായ സത്യേന്ദ്ര ജെയിന്‍, മനീഷ് സിസോദിയ എന്നിവരെ ജയിലിലടച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് ആംആദ്മി പാര്‍ട്ടിക്ക് കടുത്ത പ്രതിഷേധമുണ്ട്. അദാനി വിവാദത്തില്‍ മറ്റ് കക്ഷികളും പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യത്തില്‍ എന്താണ് തെറ്റെന്നും, മോദി പുറത്താക്കപ്പെടേണ്ടയാള്‍ തന്നെയാണെന്നുമാണ് പോസ്റ്റര്‍ വിവാദത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം.

ഇന്ത്യയിലെ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി; പിന്നോട്ട് പോയി ഗൗതം അദാനി

Follow Us:
Download App:
  • android
  • ios