Asianet News MalayalamAsianet News Malayalam

'ഇന്ദിരാഗാന്ധി ചെയ്തത് പോലെ ‌ഞങ്ങള്‍ ചെയ്യില്ല, ഫാറൂഖ് അബ്ദുള്ളയെ ഉചിതമായ സമയത്ത് മോചിപ്പിക്കും': അമിത് ഷാ

'ഫാറൂഖ് അബ്ദുള്ളയുടെ പിതാവ് ഷേക് അബ്ദുള്ളയെ 11 വര്‍ഷം തടവിലാക്കിവെച്ചപ്പോൾ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി'

amit shah about political leader farooq abdullahs release in kashmir
Author
Delhi, First Published Dec 10, 2019, 6:47 PM IST

ദില്ലി: ജമ്മുകശ്മീരിൽ തടങ്കലിൽ കഴിയുന്ന ഫാറൂഖ് അബ്ദുള്ളയെ ഉചിതമായ സമയത്ത് മോചിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചോദ്യത്തരവേളക്കിടെയാണ് ജമ്മുകശ്മീരിലെ സാഹചര്യങ്ങൾ പ്രതിപക്ഷം ലോക്സഭയിൽ ഉന്നയിച്ചത്. ഞങ്ങളുടെ നേതാക്കളെല്ലാം തടവിലാണെന്നും അവരെ മോചിപ്പിക്കുന്നതും കശ്മീരിലെ സ്ഥിതി ശാന്തമാകുന്നതും എപ്പോഴാകുമെന്നും കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജൻ ചൗധരി സഭയില്‍ ചോദിച്ചു.

'ഫാറൂഖ് അബ്ദുള്ളയുടെ പിതാവ് ഷേക് അബ്ദുള്ളയെ 11 വര്‍ഷം തടവിലാക്കിവെച്ചപ്പോൾ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അതുപോലെ ഞങ്ങൾ ചെയ്യില്ല. ഉചിതമായ സമയത്ത് മോചിപ്പിക്കും' എന്നായിരുന്നു ഇതിന് അമിത് ഷായുടെ മറുപടി. 370-ാം അനുഛേദം റദ്ദാക്കിയാൽ ചോരപ്പുഴയൊഴുകുമെന്ന കോണ്‍ഗ്രസ് ആരോപണം ഇപ്പോൾ എന്തായെന്ന് അമിത്ഷാ ചോദിച്ചു. ഒരാൾക്കുപോലും ജീവഹാനി ഉണ്ടായില്ല. കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണെന്നും അമിത്ഷാ സഭയില്‍ പറഞ്ഞു. 

അതിനിടെ ജമ്മുകശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന 370 -ാം അനുഛേദം റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ തുടങ്ങി. ഇരുപതിലധികം ഹര്‍ജികളിൽ ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുക. കശ്മീര്‍ വിഷയത്തിലെ രണ്ട് ഭരണഘടന ബെഞ്ചിന്‍റെ വിധികൾ നിലവിലുള്ളതിനാൽ കേസ് വിപുലമായ ഭരണഘടന ബെഞ്ചിന് വിടണമെന്ന് ഹര്‍ജിക്കാരിൽ ചിലര്‍ ആവശ്യപ്പെട്ടു. കേസ് വിശദമായി പരിശോധിക്കുമ്പോൾ അക്കാര്യം ആലോചിക്കാമെന്ന് കോടതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios