ദില്ലി: പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പൊലീസ് കമ്മീഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും അമിത് ഷാ അറിയിച്ചു. കൂടാതെ സംഭവത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത് ഷാ  ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. 

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ ജാമിയ മിലിയ സര്‍വ്വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാര്‍ച്ച് തടയാനായി പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കാത്തിരുന്നിടത്ത് വച്ചാണ് അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്ത്. ഇയാളെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെ എതിര്‍ദിശയിലൂടെ തോക്കുമായി നടന്നു വന്ന യുവാവ്, ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.