ജാട്ട് സമുദായത്തിന്‍റെ പിന്തുണ ഇക്കുറി സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അവകാശപ്പെടുന്നുമുണ്ട്. ചില സര്‍വ്വെ റിപ്പോര്‍ട്ടുകളും ജാട്ട് സമുദായം ബിജെപിയോടകലുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു

ദില്ലി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് (UP Election 2022) മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത്ഷായുടെ (Amit Shah) നീക്കം. പ്രമുഖ നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയ അമിത്ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തോടെ ഇടഞ്ഞു നില്‍ക്കുന്ന ജാട്ട് സമുദായത്തിന്‍റെ അതൃപ്തി ബിജെപിക്ക് ദോഷമാകുമെന്ന് കണ്ടാണ് അമിത് ഷായുടെ നേരിട്ടുള്ള ഇടപെടല്‍.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് പതിനഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളെ അമിത്ഷാ കണ്ടത്. ദില്ലിയില്‍ ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക താല്‍പര്യം പരിഗണിച്ച് തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. ബിജെപിക്ക് നല്‍കി വരുന്ന പിന്തുണ തുടരണമെന്ന് കൂടിക്കാഴ്ചയിൽ അമിത്ഷാ അഭ്യര്‍ത്ഥിച്ചു.

ബിജെപിയുടെ മീഡിയ സെൽ വാരണസിയിൽ ഒരുങ്ങുന്നു, അസംബ്ലി മണ്ഡലങ്ങളെ നിരീക്ഷിക്കും

ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലങ്ങളും ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും താങ്ങ് വിലയിലെ നിയമനിര്‍മ്മാണം സംബന്ധിച്ച് കേന്ദ്രം മൗനം തുടരുന്നതില്‍ ജാട്ടുകള്‍ കടുത്ത അതൃപ്തിയിലാണ്. വരുന്ന 31ന് വഞ്ചനാ ദിനം ആചരിക്കുകയുമാണ്. 2013ലെ മുസഫര്‍ കലാപത്തിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുന്ന ജാട്ട് സമുദായം കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നത് മുതല്‍ അകല്‍ച്ചയിലാണ്.

യുപിയിൽ കനത്ത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്; പാർട്ടി വിട്ട ഉന്നതൻ എതിർ പാളയത്തിൽ നിന്ന് പോരിന്

ജാട്ട് സമുദായത്തിന്‍റെ പിന്തുണ ഇക്കുറി സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അവകാശപ്പെടുന്നുമുണ്ട്. ചില സര്‍വ്വെ റിപ്പോര്‍ട്ടുകളും ജാട്ട് സമുദായം ബിജെപിയോടകലുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. അതേസമയം മുന്‍കാല തെരഞ്ഞെടുപ്പുകളിലും അമിത്ഷാ ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളുടെ പിന്തുണ തേടിയിരുന്നെന്നും കൂടിക്കാഴ്ചയില്‍ പുതുമയില്ലെന്നുമാണ് ബിജെപിയുടെ പ്രതികരണം.

അഖിലേഷ് യാദവ് ഉൾപ്പെടെ 159 സ്ഥാനാര്‍ത്ഥികൾ, പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി