Asianet News MalayalamAsianet News Malayalam

UP Election : അഖിലേഷ് യാദവ് ഉൾപ്പെടെ 159 സ്ഥാനാര്‍ത്ഥികൾ, പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി

വിവിധ കേസുകളില്‍ പ്രതിയായി ജയിലിലുള്ള അസം ഖാന്‍ രാംപൂരിലെ സ്ഥാനാർത്ഥിയാണ്. അസംഖാന്‍റെ മകന്‍ അബ്ദുള്ള അസം സുവാർ മണ്ഡലത്തില്‍ നിന്ന് എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. 

UP Election Candidate list of Samajwadi Party announced
Author
Lucknow, First Published Jan 24, 2022, 10:56 PM IST

ലക്നൌ: അധ്യക്ഷന്‍ അഖിലേഷ് യാദവ് (Akhilesh Yadav) ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി (Samajwadi Party). അഖിലേഷ് കർഹാലില്‍ നിന്ന് അമ്മാവൻ ശിവ്പാല്‍ സിങ് യാദവ് ജവാന്ത് നഗറില്‍ നിന്ന് മത്സരിക്കും. വിവിധ കേസുകളില്‍ പ്രതിയായി ജയിലിലുള്ള അസം ഖാന്‍ രാംപൂരിലെ സ്ഥാനാർത്ഥിയാണ്.

അസംഖാന്‍റെ മകന്‍ അബ്ദുള്ള അസം സുവാർ മണ്ഡലത്തില്‍ നിന്ന് എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജയിലിലായിരുന്ന അസംഖാന്‍റെ മകന്‍ അടുത്തിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. സുവാറില്‍ അപ്നാദള്‍ സ്ഥാനാര്‍ത്ഥിയായി ഹെയ്ദർ അലി ഖാൻ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎയുടെ  മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരേ ഒരു സ്ഥാനാർത്ഥിയാണ് ഹെയ്ദ‍ർ അലി ഖാന്‍.

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10-നാണ്. മെയിൻപുരിയിലെ കർഹാൽ മണ്ഡലം സമാജ്‍വാദി പാർട്ടിയുടെ സ്വന്തം കോട്ടയാണ്. മെയിൻപുരി ലോക്സഭാ മണ്ഡലം മുലായം സിംഗ് യാദവ് പല വട്ടം വിജയിച്ച് ലോക്സഭയിലേക്ക് പോയ ഇടം കൂടിയാണ്. 1993 മുതൽ രണ്ട് വട്ടമൊഴിച്ചാൽ ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളിലും എസ്‍പി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത മണ്ഡലമാണ് കർഹാൽ. 2002-ലും 2007-ലും ഇവിടെ നിന്ന് ജയിച്ചത് ബിജെപിയാണ്. നിലവിൽ എസ്പി നേതാവായ സൊബാരൻ യാദവാണ് ഇവിടത്തെ എംഎൽഎ. 

നേരത്തേ അഖിലേഷ് യാദവ് മത്സരിച്ചേക്കില്ല എന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സ്വന്തം ശക്തികേന്ദ്രമായ ഗോരഖ്‍പൂരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ, ബിജെപിയുടെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്ന എസ്‍പിയുടെ അധ്യക്ഷൻ അഖിലേഷും മത്സരക്കളത്തിലിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. യുപി തെരഞ്ഞെടുപ്പ് അങ്ങനെ യോഗി - അഖിലേഷ് പോരാട്ടമായിക്കൂടി മാറുകയാണ്. 

Follow Us:
Download App:
  • android
  • ios