ദില്ലി: മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മുസ്ലീം സ്ത്രീകൾക്ക് ഇതിലൂടെ നീതി കിട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അമിത് ഷാ പറഞ്ഞു. ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസ്സായത്. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്ല് പാസാക്കിയത്. 

പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു എന്നാണ് മുത്തലാഖ് നിരോധനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പ്രതികരിച്ചത്.  മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുന്നു.ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.