പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം തന്നെ, സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം തന്നെ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഹൂഗ്ലി ജില്ലയിലെ ബാലാഘട്ടിലും പുരുഷുറയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെ മുഖ്യമന്ത്രി മമത ബാനർജിയെ അദ്ദേഹം കടന്നാക്രമിച്ചു. ‘ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുകയാണ്, ദീദി തൂത്തെറിയപ്പെടും. ബിജെപി സർക്കാർ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ഈ സംസ്ഥാനത്ത് നിന്ന് പുറത്താക്കും. ബംഗാളിലെ യുവാക്കളുടെ ജോലി തട്ടിയെടുക്കുകയും പാവപ്പെട്ടവരുടെ അന്നം മുട്ടിക്കുകയുമാണ് ഇവർ ചെയ്യുന്നത്’. അമിത് ഷാ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വോട്ടര്‍ പട്ടികയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായി നീക്കം ചെയ്തതിനെ മമത എതിർക്കുന്നതിനെയും അമിത് ഷാ പരിഹസിച്ചു. ‘തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപ്രകാരം നുഴഞ്ഞുകയറ്റക്കാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പക്ഷേ മമത ബാനർജിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവർ വെറുതെ ബഹളം വെക്കുകയാണ്’. അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കാരണം നുഴഞ്ഞുകയറ്റക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടും സംസ്ഥാനത്ത് സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ്. നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ഉപദ്രവിക്കുന്നവരെ തടയാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി തൃണമൂൽ ഗുണ്ടകൾക്ക് അമിത് ഷാ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 29-ന് വീടിന് പുറത്തിറങ്ങരുതെന്നാണ് ദീദിയുടെ ഗുണ്ടകളോട് തനിക്ക് പറയാനുള്ളത്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചാൽ തലകീഴായി കെട്ടിത്തൂക്കി നേരെയാക്കും. മെയ് 5-ന് ശേഷം അക്രമം നടത്തുന്നവരെയെല്ലാം ജയിലിലടക്കും. ഒരാളും രക്ഷപ്പെടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.