ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് അമിത് ഷാ അസം സന്ദർശിക്കുന്നത്. അസമിലെത്തുന്ന അമിത് ഷാ എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ഗവർണർമാരുമായും മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

ദേശീയ പൗരത്വ രജിസ്റ്റർ തന്നെയാണ് പ്രധാന ചർച്ചാ വിഷയം. അസം മുഖ്യമന്ത്രി സർബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരിൽ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും.

ഓ​ഗസ്റ്റ് 31 നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി 11 ലക്ഷം ആളുകള്‍ ഉൾപ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടത്. ദേശീയ പൗരത്വ രജിസ്റ്റർ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ച സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു.