'രാഹുൽ ഗാന്ധി വിദ്യാഭ്യാസമില്ലാത്തവൻ, പാവം, ജയ്ഷാ ബിജെപിയിൽ ഇല്ല'; പരിഹസിച്ച് അസം മുഖ്യമന്ത്രി
അമിത് ഷായുടെ മകൻ ജയ് ഷാ, അനുരാഗ് താക്കൂർ, രാജ്നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ് എന്നിവർ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഉദാഹരണമാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു

ദിസ്പുർ: ബിജെപിക്കെതരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങള്‍ക്കെതിരെ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശർമ. രാഹുൽ ഗാന്ധി പാവം വിദ്യാഭ്യാസമില്ലാത്തയാളാണ്, രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അർഥം എന്താണെന്ന് ആദ്യം മനസ്സിലാക്കണമെന്നാണ് ഹിമന്ദ ബിശ്വ ശർമയുടെ പരിഹാസം. ബിജെപി രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയാണെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് ഉത്തർപ്രദേശിലെ കേവലം എംഎൽഎ മാത്രമാണ്. ഇത് രാഹുൽ മനസിലാക്കണം, രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ച് പറയുമ്പോള്‍ പ്രിയങ്കാ ഗാന്ധിയോളം വരുമോ എന്നും ഹിമന്ദ ബിശ്വാസ് ശർമ ചോദിച്ചു.
മിസോറമിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് രാഹുൽ ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. കേന്ദ്രമന്ത്രി അമിത്ഷായ്ക്കെതിരെ രാഹുൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. അമിത് ഷായുടെ മകൻ ജയ് ഷാ, അനുരാഗ് താക്കൂർ, രാജ്നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ് എന്നിവർ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഉദാഹരണമാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബിജെപി നേതാവ് രംഗത്ത് വന്നത്. 'രാഹുൽ ഗാന്ധി ആദ്യം രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അർഥം മനസ്സിലാക്കണം. ബിസിസിഐ എന്നത് ബിജെപിയുടെ ഭാഗമാണെന്നാണ് അദ്ദേഹം കരുതുന്നത്. പാവം. വിദ്യാഭ്യാസമില്ലാത്തയാളാണ്- ഹിമന്ദ ബിശ്വ ശർമ പരിഹസിച്ചു.
'എന്താണ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെന്ന് രാഹുൽ ഗാന്ധി ആദ്യം മനസിലാക്കണം. അമിത് ഷായുടെ മകൻ ബിജെപിയിൽ ഇല്ല, എന്നാൽ രാഹുലിന്‍റെ കുടുംബം മുഴുവൻ കോൺഗ്രസിലുണ്ട്. ഇപ്പോൾ അദ്ദേഹം എല്ലാകാര്യത്തിലും കുറ്റങ്ങൾ കണ്ടെത്തുകയാണ്. എന്നാൽ എല്ലാ കാര്യങ്ങള്‍ക്കും കാരണം താനാണെന്ന് രാഹുലിനു മനസ്സിലാകുന്നില്ല. അച്ഛൻ, അമ്മ, സഹോദരി, മുത്തച്ഛൻ അങ്ങനെ കുടുംബത്തിലെ എല്ലാവരും രാഷ്ട്രീയത്തിലുള്ളവരാണ്. അവരാണ് ആ പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും ഹിമന്ദ ബിശ്വ ശർമ പരിഹസിച്ചു.
Read More : പറക്കുന്നതിനിടെ വിമാനത്തിലെ ആ കാഴ്ച കണ്ട് ജീവനക്കാര്‍ ഞെട്ടി, മറവിക്ക് കൊടുക്കേണ്ടി വന്നത് വലിയ വില!