ദില്ലി: പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ബിജെപി മുന്നൊരുക്കം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ഇനിയുള്ള മാസങ്ങളിൽ തുടര്‍ച്ചയായി സംസ്ഥാനം സന്ദര്‍ശിക്കും.

സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കി  കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട്  നല്‍കാന്‍  ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും ഒരു സംഘത്തെ ബംഗാളിലേക്കയച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിന്  കേന്ദ്ര ഇടപെടല്‍ വേണമെങ്കില്‍ അതേ കുറിച്ച് ആലോചിക്കും. ജെപി നദ്ദക്കും, സംഘടന ചുമതലയുള്ള ജനറല്‍  സെക്രട്ടറി ബിഎല്‍ സന്തോഷിനുമാണ് ഏകോപന ചുമതല.  

294 മണ്ഡലങ്ങളുള്ള പശ്ചിമബംഗാളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം മാർച്ച്-മെയ് സമയത്ത് നടക്കാനാണ് സാധ്യത. ബംഗാളിനോടൊപ്പം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തെരഞ്ഞെടുപ്പ് നടന്നേക്കും.