ദില്ലി: അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി മോദിയ കടന്നാക്രമിക്കുന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. അതി‍ർത്തി സംഘ‍ർഷത്തെക്കുറിച്ച് ച‍ർച്ച ചെയ്യാൻ കേന്ദ്രസ‍ർക്കാർ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. 

എന്നാൽ ഇപ്പോഴത്തെ സ്ഥിതി മാത്രമല്ല 1962-ൽ അക്സായി ചിൻ വിട്ടു കൊടുത്തതും ച‍ർച്ചയ്ക്ക് വയ്ക്കണമെന്നും ഇതിനായി പാ‍ർലമെൻ്റ വിളിച്ചു ചേ‍ർക്കാൻ തയ്യാറാണെന്നും അമിത് ഷാ പറ‍ഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ സറണ്ടർ മോദി പരാമർശത്തോട് ആയിരുന്നു അമിത് ഷായുടെ പ്രതികരണം. അടിയന്തരാവസ്ഥ കാലം ജനം ഒരിക്കലും മറക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും  ഒരു അധ്യക്ഷൻ വരാത്ത കോണ്ഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. 

രാഹുൽ ഗാന്ധി ഇടുങ്ങിയ രാഷ്ട്രീയം കളിക്കുന്നത് ഖേദകരമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വം കോവിഡിലും അതിർത്തിയിലെ തർക്കത്തിലും വിജയിക്കും. ദില്ലിയിൽ സർക്കാരുകൾ യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളും തീരുമാനങ്ങൾ എടുക്കുന്നതിൽ ഭാഗമാണെന്നും ഷാ പറഞ്ഞു. 

ജൂലൈ അവസാനം ദില്ലിയിൽ അഞ്ചര ലക്ഷം കോവിഡ്‌ രോഗികൾ ഉണ്ടായേക്കാം എന്ന മനീഷ് സിസോദിയയുടെ പ്രസ്താവന വന്ന ശേഷം പ്രധാനമന്ത്രി തന്നോട് ദില്ലിയിൽ സജീവമായി ഇടപെടണമെന്ന് ആവശ്യപ്പെടെന്നും തുട‍ർന്ന് അടിയന്തരയോ​ഗം കൂടി കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങൾ എടുത്തുവെന്നും ഷാ വ്യക്തമാക്കി. ദില്ലിയിലെ കൊവിഡ് കേസുകൾ അഞ്ച് ലക്ഷം എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോ​ഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം ഇതിനോടകം പരിഹരിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു സമയത്ത് 350 മൃതദേഹങ്ങളാണ് അന്ത്യകർമ്മങ്ങൾ നടത്താനാവാതെ സൂക്ഷിച്ചിരുന്നത്. രണ്ട് ദിവസത്തിനകം മുഴുവൻ മൃതദേഹങ്ങളും മതപരമായ ചടങ്ങുകൾ പാലിച്ചു കൊണ്ടു തന്നെ സംസ്കരിക്കാൻ ‍‍‍ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ മൃതദേഹം സംസ്കാരിക്കാൻ കാത്തുകിടക്കുന്ന അവസ്ഥയില്ല. കൊവിഡ‍് മരണം സംഭവിക്കുന്നവരുടെ മൃതദേഹം മതപരമായ ക‍ർമ്മങ്ങളോടെ അന്നേദിവസം തന്നെ സംസ്കരിക്കുകയാണ് ചെയ്യുന്നത്.