28.56 ലക്ഷം വീടുകൾ ചുഴലിക്കാറ്റിൽ തകർന്നു എന്നും റിപ്പോർട്ടിലുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ച ഏഴം​ഗ സമിതി കഴിഞ്ഞ ദിവസം പശ്ചിമബം​ഗാൾ സന്ദർശിച്ചിരുന്നു.

കൊൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ 1,02,442 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. 28.56 ലക്ഷം വീടുകൾ ചുഴലിക്കാറ്റിൽ തകർന്നു എന്നും റിപ്പോർട്ടിലുണ്ട്.

നാശനഷ്ടങ്ങൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ച ഏഴം​ഗ സമിതി കഴിഞ്ഞ ദിവസം പശ്ചിമബം​ഗാൾ സന്ദർശിച്ചിരുന്നു. കാര്യങ്ങൾ വിലയിരുത്താനായി ഉന്നതതല സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബം​ഗാൾ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. അടിയന്തര ധനസഹായമായി അന്ന് 1000 കോടി രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഉംപുൺ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആയിരം കോടി രൂപ മുന്‍കൂര്‍ ധനസഹായമാണോ പാക്കേജാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു അന്ന് ബം​ഗാൾ മുഖൃമന്ത്രി മമതാ ബാനർജിയുടെ പ്രതികരണം. ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അന്ന് മമത പറഞ്ഞിരുന്നു.

ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും കടമയുണ്ടെന്ന് ഏറ്റുമുട്ടലിന്‍റെ സൂചന നല്‍കി മമതാ ബാനർജി ഓര്‍മ്മിപ്പിച്ചിരുന്നു. കൊവിഡ് പ്രതിരോധമടക്കമുള്ള വിഷയങ്ങളില്‍ ബംഗാളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയായിരുന്നു ബം​ഗാളിൽ ഉംപുണ്‍ നാശം വിതച്ചത്.