ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ എത്തുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. കമല്‍, കമല, കമലം എന്നിങ്ങനെ കമലയുമായി ബന്ധപ്പെട്ട പേരുകാര്‍ക്കും സൌജന്യം ലഭ്യമാണ്. 

അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്‍റ് ആയ കമലാ ഹാരിസിന് ആദരവുമായി അടിപൊളി ഓഫറുമായി അമ്യൂസ്മെന്‍റ് പാര്‍ക്ക്. കമല എന്ന് പേരുള്ള എല്ലാവര്‍ക്കും ഒരു ദിവസം സൌജന്യ പ്രവേശനമാണ് അമ്യൂസ്മെന്‍റ് പാര്‍ക്കായ വണ്ടര്‍ല ഒരുക്കിയിരിക്കുന്നത്. കറുത്ത വര്‍ഗക്കാരിയായ ദക്ഷിണേന്ത്യന്‍ പശ്ചാത്തലമുള്ള കമല ഹാരിസ് ചരിത്രത്തിന്‍റെ ഭാഗമായതില്‍ ആദരവുമായാണ് ഈ സ്പെഷ്യല്‍ ഓഫര്‍

ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ എത്തുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. കമല്‍, കമല, കമലം എന്നിങ്ങനെ കമലയുമായി ബന്ധപ്പെട്ട പേരുകാര്‍ക്കും സൌജന്യം ലഭ്യമാണ്. ആദ്യമെത്തുന്ന നൂറ് അതിഥികള്‍ക്കാവും സൌജന്യം ലഭിക്കുക. അമേരിക്കൻ ജനാധിപത്യത്തിൽ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കൻ ഇന്ത്യൻ വംശജ വൈസ് പ്രസിഡന്‍റായി അധികാരമേൽക്കുന്നത്. ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണം മുതലുള്ള ഒട്ടേറെ സംഭവങ്ങളിലൂടെ അരക്ഷിതാവസ്ഥയിലായ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെയും വംശീയ ന്യൂനപക്ഷങ്ങളെയും ഡെമോക്രാറ്റ് പക്ഷത്ത് ചേര്‍ത്തുനിർത്തിയത് കമലയാണ്. പല പ്രമുഖരെയും ഒഴിവാക്കി കമല ഹാരിസിനെ ജോ ബൈഡന്‍ തന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ചെറിയ ഗുണമല്ല ചെയ്തത്. 

കഴിഞ്ഞ തവണ ട്രംപ് ജയിച്ച മിഷിഗന്‍, വിസ്കോൺസിൻ, പെന്‍സിൽവാനിയ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങള്‍ ബൈഡന്‍ തിരികെപ്പിടിച്ചത് കമലക്ക് ലഭിച്ച വലിയ പിന്തുണ കൊണ്ടു കൂടിയാണ്. ട്രംപ് പ്രചാരണത്തിലുടനീളം നടത്തിയ വംശീയമായി അധിക്ഷേപങ്ങളെ ചെറുക്കാനും കമലക്ക് കഴിഞ്ഞു. ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിത, യുഎസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യ ഏഷ്യന്‍വംശജ അങ്ങനെ 56-ാം വയസില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലേറുന്ന കമല ഹാരിസ്സിന്‍റെ റെക്കോഡുകള്‍ പലതാണ്.