ജമ്മുവില്‍ പാകിസ്ഥാന്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണ ശ്രമത്തിന്‍റെത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പാക് അനുകൂല അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളത്
ധാക്ക: ജമ്മുവില്‍ പാകിസ്ഥാന്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണ ശ്രമത്തിന്‍റെത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പാക് അനുകൂല അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. വലിയ തീഗോളം ഉയരുന്ന വീഡിയോയാണ് പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങളുടെ വസ്തുത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം പുറത്തുവിട്ടു.
പ്രചാരണം
ജമ്മു ആക്രമണം എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഒരു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വസ്‌തുത
എന്നാല്‍ ഈ വീഡിയോയ്ക്ക് ജമ്മുവില്‍ പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണ ശ്രമവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. യഥാര്‍ഥത്തില്‍ ഈ വീഡിയോ ബംഗ്ലാദേശിലെ ധാക്കയില്‍ 2025 ഫെബ്രുവരി മാസം നടന്ന സ്ഫോടനത്തിന്‍റെതാണ്. അന്ന് അതിന്‍റെ വാര്‍ത്ത വീഡിയോ സഹിതം ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ബംഗ്ലാ ചാനലായ Somoy TV ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. ധാക്ക ആസ്ഥാനമായുള്ള ചാനലാണ് Somoy TV.

നിഗമനം
ജമ്മുവില്‍ പാകിസ്ഥാന്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണ ശ്രമത്തിന്‍റെത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പാക് അനുകൂല അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതും ബംഗ്ലാദേശില്‍ നിന്നുള്ളതുമാണ്. ജമ്മുവില്‍ ആക്രമണം നടത്താനുള്ള പാക് ശ്രമം ഇന്ത്യന്‍ സേന നിര്‍വീര്യമാക്കുകയും ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.
വേറെയും വ്യാജ പ്രചാരണങ്ങള്‍
നിലവിലെ ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ എന്ന പേരില്‍ മറ്റനവധി വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. മുസഫറാബാദില്‍ ഇന്ത്യയുടെ സുഖോയ്-എസ്‌യു-30എംകെഐ എയര്‍ഫോഴ്‌സ് വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടതായി ഒരു ചിത്രം തെറ്റായി പാക് എക്സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ മറ്റൊന്നാണ്, 2014 ഒക്ടോബര്‍ 14ന് മഹാരാഷ്ട്രയിലെ പൂനെ-അഹമ്മദ് നഗര്‍ ഹൈവേയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ സുഖോയ് വിമാനം തകര്‍ന്നുവീണതിന്‍റെ ചിത്രമാണ് പാക് എക്സ് ഹാന്‍ഡിലുകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അന്ന് ഇതേ ചിത്രം സഹിതം ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.


