യുഎവി ഡ്രോണ്‍ പാകിസ്ഥാന്‍ സൈന്യം ഗുജ്രന്‍വാലയില്‍ വെടിവെച്ചിട്ടു എന്നാണ് പാക് സോഷ്യല്‍ മീ‍ഡിയ ഹാന്‍ഡിലുകളുടെ അവകാശവാദം

ദില്ലി: പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ സൈനിക നീക്കത്തിന് പിന്നാലെ പാക് സോഷ്യല്‍ മീ‍ഡ‍ിയ പ്ലാറ്റ്‌ഫോമുകളില്‍ മറ്റൊരു വ്യാജ പ്രചാരണം കൂടി. ഇന്ത്യയുടെ യുഎവി ഡ്രോണ്‍ പാകിസ്ഥാന്‍ ആര്‍മി പാകിസ്ഥാനിലെ ഗുജ്രന്‍വാലയില്‍ വെടിവെച്ചിട്ടുവെന്നാണ് പാക് അനുകൂല എക്‌സ് ഹാന്‍ഡിലുകള്‍ ഒരു ചിത്രം സഹിതം പ്രചരിപ്പിക്കുന്നത്. ഈ പാക് പ്രചാരണത്തിന്‍റെ വസ്തുത വിശദമായി അറിയാം.

പ്രചാരണം

ഇന്ത്യയുടെ യുഎവി ഡ്രോണ്‍ പാകിസ്ഥാന്‍ സൈന്യം ഗുജ്രന്‍വാലയില്‍ വെടിവെച്ചിട്ടു എന്നാണ് പാക് സോഷ്യല്‍ മീ‍ഡിയ ഹാന്‍ഡിലുകളുടെ അവകാശവാദം. ഇതിന് തെളിവായി ഒരു ചിത്രം അവര്‍ എക്‌സ് പോസ്റ്റുകളില്‍ പങ്കുവെക്കുന്നുണ്ട്. ഒരു ചെറുവിമാനം തകര്‍ന്നുകിടക്കുന്നതും ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നതുമാണ് ചിത്രത്തില്‍ കാണുന്നത്. 

വസ്‌തുത

പാകിസ്ഥാനിലെ ഗുജ്രന്‍വാലയില്‍ ഇന്ത്യന്‍ ഡ്രോണ്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടതായുള്ള ഫോട്ടോ പ്രചാരണം വ്യാജമാണ്. ഈ ഫോട്ടോ 2022 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം ആദ്യം പൊതുജനങ്ങളെ അറിയിച്ചത്.

Scroll to load tweet…

മാത്രമല്ല, ഇതേ ഫോട്ടോ രാജ്യാന്തര മാധ്യമമായ ന്യൂസ്‌വീക്ക് 2022 സെപ്റ്റംബര്‍ 22ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ കാണാം. ന്യൂസ്‌വീക്ക് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. ഫോട്ടോയില്‍ കാണുന്നത് യെമനില്‍ ഹൂത്തികള്‍ വെടിവച്ചിട്ട ഡ്രോണിന്‍റെ ദൃശ്യമാണ്. ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസിനായി മുഹമ്മദ് ഹമൗദാണ് 2022 മെയ് മാസം 23ന് ഈ ചിത്രം പകര്‍ത്തിയത്. ഫോട്ടോ ഗെസ്റ്റി ഇമേജസ് വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കുന്നതിന്‍റെ സ്ക്രീന്‍ഷോട്ടും ചുവടെ ചേര്‍ക്കുന്നു. ഇതില്‍ നിന്നെല്ലാം പാക് പ്രചാരണത്തിലെ കള്ളക്കളി വ്യക്തമാണ്. 

നിഗമനം 

ഇന്ത്യയുടെ യുഎവി ഡ്രോണ്‍ പാകിസ്ഥാന്‍ ആര്‍മി പാകിസ്ഥാനിലെ ഗുജ്രന്‍വാലയില്‍ വെടിവെച്ചിട്ടെന്ന പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ ഫോട്ടോ പ്രചാരണം വ്യാജമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം