ട്വിറ്ററില്‍ വലിയ ഫോളോവേഴ്സ് ഉള്ള വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര. ലോക്ക്ഡൗണ്‍ ആയതോടെ ആളുകളെല്ലാം വീട്ടിലിരുന്ന് ജോലി ആരംഭിച്ചത് ഗുണ ദോഷ സമ്മിശ്രമാണെന്ന് അഭിപ്രായപ്പെട്ട് നേരത്തേ ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോം കാരണം വെറുത്തുപോയ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഓഫീസ് താല്‍ക്കാലികമായി വീട്ടിലേക്ക് മാറ്റിയവര്‍ക്കും കാലങ്ങളായി വീട്ടിലിരുന്നു ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കും പരിചിതമായ വെബിനാര്‍ എന്ന വാക്ക് റദ്ദാക്കണമെന്നതാണ് അദ്ദേഹത്തിന്‍റെ ആവശ്യം. 

വിര്‍ച്വല്‍ ലോകത്ത് നടക്കുന്ന സെമിനാറിനെയാണ് വെബിനാര്‍ എന്ന് വിളിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളുടെ ജോലി വിര്‍ച്വലായ രണ്ട് മാസംകൊണ്ട് ഈ വാക്കിന് വലിയ പ്രചാരം ലഭിച്ചിരുന്നു. ''എനിക്ക് ഒരു വെബിനാറിന് കൂടി ക്ഷണം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ തകര്‍ന്നുപോകും.'' ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. വെബിനാര്‍ എന്ന വാക്ക് ഡിക്ഷ്ണറിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവസരം ലഭിക്കുമോ എന്ന് തന്‍റെ 78 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സിനോടായി അദ്ദേഹം ചോദിച്ചു. 

കഴിഞ്ഞ രാത്രി പങ്കുവച്ച വീഡിയോക്ക് 3000 ലേറ ലൈക്കുകളാണ് ലഭിച്ചത്. ഇതിന് ലഭിച്ച മറുപടികള്‍ വളരെ രസകരമാണ്. വെബിനാര്‍ എന്ന വാക്കിന് പകരം മറ്റ് പല വാക്കുകളും ട്വിറ്ററില്‍ നിര്‍ദ്ദേശങ്ങളായി എത്തി. ഒരു ഗുരുവുമായി നടത്തുന്ന വെബിനാറാണെങ്കില്‍ അതിനെ സ്വാമിനാര്‍ എന്ന് വിളിക്കാമെന്നും ഇനി നാല് പേര്‍ നടത്തുന്ന സെമിനാറാണെങ്കില്‍ അതിനെ ചാര്‍മിനാര്‍ എന്ന് വിളിക്കാമെന്നുമാണ് ആളുകളുടെ കമന്‍റുകള്‍.