കോടിക്കണക്കിന് രൂപവിലമതിക്കുന്ന ആർടിസി സ്വത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറാനുള്ള നീക്കത്തെ ആർടിസി ജീവനക്കാരുടെ സംഘടനകളും ശക്തമായി എതിർത്തു.
വിജയവാഡ: ലുലു മാളിന്റെ നിർമ്മാണത്തിനായി വിശാഖപട്ടണത്തെ ആന്ധ്രപ്രദേശ് ആർടിയുടെ ഉടമസ്ഥതിയിലുള്ള 400 കോടി വില വരുന്ന ഭൂമി വിട്ടുകൊടുക്കാൻ ആന്ധ്ര സർക്കാർ. പഴയ ബസ് ഡിപ്പോയിലെ അഞ്ച് ഏക്കറോളം ഭൂമിയാണ് ലുലുമാൾ നിർമാണത്തിനായി വിട്ടുകൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ സിപിഎം അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. കോടിക്കണക്കിന് രൂപവിലമതിക്കുന്ന ആർടിസി സ്വത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറാനുള്ള നീക്കത്തെ ആർടിസി ജീവനക്കാരുടെ സംഘടനകളും ശക്തമായി എതിർത്തു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡാണ് (SIPB) വിജയവാഡയിലും വിശാഖപട്ടണത്തും 1,222 കോടി രൂപ ചെലവിൽ ഷോപ്പിംഗ് മാളുകൾ സ്ഥാപിക്കുന്നതിനുള്ള ലുലു ഷോപ്പിംഗ് മാളിന്റെ നിക്ഷേപ നിർദ്ദേശങ്ങൾ അംഗീകരിച്ചത്. ഏകദേശം 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അഞ്ച് ഏക്കർ വിസ്തൃതിയുള്ള ബസ് ഡിപ്പോ ഭൂമി ഏറ്റെടുക്കുന്നതായി അറിയിച്ച് ആന്ധ്രാപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (എപിഐഐസി) ആർടിസിക്ക് രേഖാമൂലമുള്ള കത്ത് നൽകി.
ലുലു മാൾ നിർമ്മാണത്തിനായി ബസ് ഡിപ്പോയുടെ ഭൂമി സർക്കാർ വിട്ടുകൊടുത്താൽ, 200 വനിതാ കണ്ടക്ടർമാർ ഉൾപ്പെടെ ആർടിസി ഡിപ്പോയിലും ഗാരേജിലുമുള്ള ഏകദേശം 1,000 ആർടിസി ജീവനക്കാരുടെ വിധി തുലാസിലാകുമെന്നാണ് ജീവനക്കാരുടെ ആശങ്ക. എന്നാൽ, ഗൊല്ലാപുടിയിൽ പകരം ഭൂമി നൽകുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വ്യക്തതയില്ല. ഗൊല്ലാപുടിയിലെ ഹൈവേയ്ക്ക് സമീപം സർക്കാരിന് ഭൂമിയില്ലെന്നും പറയുന്നു.
സർക്കാർ നീക്കത്തിൽ വൻ അഴിമതി നടന്നതായി സിപിഎം നേതാവ് ആരോപിച്ചു. ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന ഗവർണർ പെറ്റ് ബസ് ഡിപ്പോ പ്രദേശം ലുലു മാളിന് കൈമാറാൻ സർക്കാർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
