മൂന്നാമതും ഭാര്യ ജന്മം നല്‍കിയത് പെണ്‍കുഞ്ഞ്. കുപിതനായ ഭര്‍ത്താവ് ഭാര്യയേയും മക്കളേയും കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ഛാത്തര്‍പൂരിലാണ് സംഭവം. പിതാവിന്‍റെ ആക്രമണത്തില്‍ രണ്ട് മക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമ്മയും ആറുമാസം പ്രായമായ നവജാതശിശുവും പരിക്കുകളോടെ രക്ഷപ്പെട്ടു. ആണ്‍കുട്ടി ഉണ്ടാവാത്തതില്‍ കലിപൂണ്ടായിരുന്നു ഭര്‍ത്താവിന്‍റെ ക്രൂരത.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. യുവതിയെ പ്രസവശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനിടയിലാണ് അക്രമം നടക്കുന്നത്. വീട്ടിലേക്ക് പോവുന്നതിന് പകരം ചുറ്റുമതില്‍ ഇല്ലാത്ത കിണറിനടുത്തേക്കാണ് യുവാവ് പോയത്. ബൈക്ക് കിണറിനടുത്ത് നിര്‍ത്തിയശേഷം പെണ്‍മക്കളേയും ഭാര്യയേയും കിണറില്‍ തള്ളിയിട്ട ശേഷം ഇയാള്‍ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. കിണറില്‍ കിടന്ന് സഹായത്തിനായി വിളിച്ചെങ്കിലും ഒഴിഞ്ഞ സ്ഥലത്തെ കിണര്‍ ആയതിനാല്‍ സംഭവം ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോവുകയായിരുന്നു.

നവജാത ശിശുവുമായി ഒരു വിധം കിണറിന് മുകളിലെത്തിയ യുവതി നാട്ടുകാരുടെ സഹായം തേടിയപ്പോഴേക്കും മൂത്തകുട്ടി കിണറില്‍ മുങ്ങിത്താണിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ യുവതി കരകയറ്റുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി നല്‍കി. മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ മക്കളെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീൽണിപ്പെടുത്തിയതായി യുവതി പരാതിയില്‍ വിശദമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona