കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ അഞ്ജു ഘോഷിനെ പാര്‍ട്ടി പതാക നല്‍കിയാണ് സ്വീകരിച്ചത്. 

കൊല്‍ക്കത്ത: ബംഗ്ലാദേശി ചലച്ചിത്ര നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയില്‍ വച്ചാണ് അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നത്. കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ അഞ്ജു ഘോഷിനെ പാര്‍ട്ടി പതാക നല്‍കിയാണ് സ്വീകരിച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയ ബംഗ്ലാദേശ് സ്വദേശിയായ നടനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അ‍ഞ്ജു ഘോഷിന്‍റെ ബിജെപി പ്രവേശനം. പ്രചാരണത്തിൽ എര്‍പ്പെട്ട നടന്‍ ഫെര്‍ഡോസ് അഹമ്മദിന്‍റെ ബിസിനസ് വിസ ആഭ്യന്തര മന്ത്രാലയം ക്യാന്‍സല്‍ ചെയ്യുകയും എത്രയും വേഗം രാജ്യം വിടാനുമാണ് ആവശ്യപ്പെട്ടത്. ഇയാളെ വിദേശകാര്യ മന്ത്രാലയം കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. വിദേശ പൗരന് രാജ്യത്തെ രാഷ്ട്രീയ ക്യാമ്പെയ്നുകളില്‍ പങ്കെടുക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍.

അഞ്ജു ഘോഷ് ബംഗ്ലാദേശി നടിയാണെങ്കിലും ഇവരിപ്പോൾ ഇന്ത്യൻ പൗരത്വം നേടി കൊൽക്കത്തയിലാണ് താമസിക്കുന്നത്. നിരവധി ബംഗാളി സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വേണ്ടി ഇവര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.