Asianet News MalayalamAsianet News Malayalam

ആന്‍ മേരി കൊലക്കേസ്; ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിനിടയാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. മ‌ഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ വൈദ്യന്റെ അടുത്താണ് ആന്‍ മേരിയെ കൊണ്ടുപോയത്.

ann benny murder case albin benny brought for evidence collection
Author
Kasaragod, First Published Aug 14, 2020, 9:13 AM IST

കാസർകോട്:  ആന്‍ മേരി കൊലക്കേസ് പ്രതി ആൽബിൻ ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊല ചെയ്യാൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു ലക്ഷ്യം. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. 

തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിനിടയാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. മ‌ഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ വൈദ്യന്റെ അടുത്താണ് ആന്‍ മേരിയെ കൊണ്ടുപോയത്. തുടക്കത്തിലെ വിദഗ്ധ ചികിത്സ നൽകാത്തതാണ് 16 കാരിയെ മരണത്തിലേക്ക് നയിച്ചത്.

ഐസ്ക്രീമിൽ വിഷം കലർത്തി നൽകി വീട്ടിലുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ആൽബിൻ പദ്ധതിയിട്ടെന്നാണ് പൊലീസ് കണ്ടെത്തൽ. എലിവിഷം ശരീരത്തിലെത്തിയതിനെ തുടർന്ന് അവശ നിലയിലായ ആൽബിന്റെ അച്ഛൻ ബെന്നി അപകട നില തരണം ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്.

വൈദ്യ പരിശോധനക്കും, കൊവിഡ് പരിശോധനക്കും ശേഷം ആൽബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഈ മാസം അഞ്ചിനാണ് ഛർദ്ദിയെത്തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന ആന്‍ മേരി മരിച്ചത്. പിറ്റേന്ന് തന്നെ ആനിന്‍റെ അച്ഛൻ ബെന്നിയും അമ്മ ബെൻസിയേയും ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആനിന്‍റെ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ എലിവിഷത്തിന്‍റെ അംശം കണ്ടെത്തിയത് വഴിത്തിരിവായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്. 

ആൽബിനെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്നാണ് ആൽബിൻ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി. സഹോദരി മരിച്ചപ്പോഴും അച്ഛൻ ബെന്നി ഗുരുതരാവസ്ഥയിലായപ്പോഴുമെല്ലാം ആൽബിൻ ഒരു കൂസലുമില്ലാതെ നിന്നു.

സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങൾക്ക് തടസമായ കുടുംബത്തെ പൂർണമായും ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആൽബി‍ന്റെ മൊഴി. ഐസ്ക്രീമിൽ എലിവിഷം കലർത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയിൽ വിഷം കലർത്തിയിരുന്നു. എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ കുടുംബം രക്ഷപ്പെട്ടു.

Follow Us:
Download App:
  • android
  • ios