ദില്ലി: പഞ്ചാബ്-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് കൂടുതൽ ഡ്രോണുകള്‍ കണ്ടെത്തി. പാകിസ്ഥാനില്‍ നിന്നും ആയുധം കടത്തിയെന്ന് സംശയിക്കുന്ന ഡ്രോണുകളാണ് കണ്ടെത്തിയിരിക്കുന്നത്. അമൃത്സറിൽ നിന്ന് രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തിയെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അഞ്ച് മുതൽ 10 കിലോ വരെ ഭാരം വഹിക്കാവുന്ന ഡ്രോണുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്.

ഇന്നലെ അഠാരിയിൽ നിന്ന് ഒരു ഡ്രോൺ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഡ്രോൺ കണ്ടെത്തുകയായിരുന്നു. 10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങൾ ഈ ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം. 

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാൻ ഭീകരവാദികൾക്ക് അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങൾ കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്.