ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയയില്‍ നിന്ന് ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച്. ഞായറാഴ്ച രാത്രിയാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. കത്തിച്ച മെഴുകുതിരി കൈയില്‍ പിടിച്ച് നിരവധിപേര്‍ സമരത്തിനെത്തി. സമരക്കാര്‍ ഗാന്ധിയുടെയും ഭഗത് സിംഗിന്‍റെയും അംബേദ്കറിന്‍റെയും വേഷമണിഞ്ഞു. യൂണിവേഴ്സിറ്റി കവാടത്തില്‍നിന്ന് ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും സമരം ചെയ്യുന്ന സ്ഥലത്തേക്കാണ് ആസാദി മുദ്രാവാക്യങ്ങളോടെ മാര്‍ച്ച് സംഘടിപ്പിച്ചത്. ഷഹീന്‍ബാഗിലെ സമരക്കാര്‍ റാലിയെ സ്വീകരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും സമരത്തിലാണ്. സമരത്തെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞ ദിവസം ഇവരുടെ പുതപ്പുകള്‍ പൊലീസ് എടുത്തുകൊണ്ട് പോയെന്ന് ആരോപണമുയര്‍ന്നിരുന്നു.