ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സമരത്തിനിടെയുണ്ടായ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന 70 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഡിസംബര്‍ 15നാണ് ജാമിയ മിലിയയിലെ സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊലീസ്  സര്‍വകലാശാലയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. ചിത്രങ്ങളിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 011-23013918, 9750871252 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

ദില്ലി പൊലീസ് പുറത്തുവിട്ട ചിത്രം

സംഘര്‍ഷത്തില്‍ സജീവമായി പങ്കെടുത്തവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പൊലീസ് അറിയിച്ചു. ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് കേസുകളാണ് ജാമിയ നഗര്‍, ന്യൂഫ്രണ്ട് നഗര്‍ കോളനി പൊലീസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് ശ്രമിക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ക്രൈം ബ്രാഞ്ചിലെ പ്രത്യേക സംഘമാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ആളിക്കത്തുന്നത് ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നാണ്. ക്യാമ്പസിനകത്ത് പൊലീസ് കയറി മര്‍ദ്ദിച്ചതും ലൈബ്രറി നശിപ്പിച്ചതും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.