ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയിൽ ഡിഎംകെ നേതാക്കളുടെ വസതികൾക്ക് മുന്നിൽ കോലം വരച്ച് പ്രതിഷേധം. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, കനിമൊഴി, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി ഉൾപ്പടെയുള്ളവരുടെ വസതികൾക്ക് മുന്നിലാണ് ഡിഎംകെ പ്രവർത്തകർ കോലം വരച്ച് പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം ബസന്ത് നഗറിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കോലം വരച്ച് പ്രതിഷേധിച്ച എഴ് പേരെ പൊലീസ് അറസ്റ്റ് ചെയതത് പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. പൊതുജനത്തിന് ശല്യമുണ്ടാക്കി എന്ന പേരിലാണ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അഭിഭാഷകരെ ഉൾപ്പടെ തടഞ്ഞുവച്ചെങ്കിലും പ്രതിഷേധങ്ങൾക്ക് ഒടുവിൽ വിട്ടയക്കുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം തുടരുകയാണ്.