ബംഗളൂരു/ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രാജ്യത്ത് ഇന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. മംഗളൂരുവിൽ രണ്ട് പേർ പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. ലക്‌നൗവിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ഇതും പൊലീസ് വെടിവയ്പ്പിലാണെന്നാണ് ആരോപണം. എന്നാൽ യുപി പൊലീസ് ഇക്കാര്യം നിഷേധിച്ചു.

മംഗളൂരുവിൽ വെടിവയ്പ്പിനിടെ പരിക്കേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ മംഗളുരു ഗവൺമെന്റ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റും. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.  റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് വിശദീകരണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇരുവരും. മറ്റൊരാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധത്തിനിടെ ലക്‌നൗവിലും പൊലീസ് വെടിവയ്പ്പുണ്ടായെന്നാണ് വിവരം. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരം ലഭ്യമായിട്ടില്ല.  ഇതോടെ പൊലീസ് വെടിവയ്പ്പിൽ രാജ്യത്താകെ അഞ്ച് പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കർണാടക എഡിജിപി ദയാനന്ദയോട് അടിയന്തരമായി മംഗളൂരുവിൽ എത്താൻ നിർദ്ദേശം നൽകി. അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ അഭ്യർത്ഥന. അതേസമയം രണ്ട് പേർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. 

പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സംഘര്‍ഷത്തിന് പിന്നാലെ മംഗലാപുരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നാളെ രാത്രി വരെ കൂടി നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. 

പ്രതിഷേധത്തിനിടെ ലക്‌നൗവിൽ 37 വാഹനങ്ങളെങ്കിലും അഗ്നിക്കിരയാക്കിയെന്നാണ് വിവരം. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതിൽ പെടും. മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളുമാണ് കത്തിച്ചത്. യുപി തലസ്ഥാനമായ ലക്നൗവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘർഷം പടർന്നു. വൻതോതിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും പ്രതിഷേധം നിയന്ത്രിക്കാനായില്ല.