Asianet News MalayalamAsianet News Malayalam

Anti Conversion Bill : നിര്‍ബന്ധിച്ച് മതം മാറ്റിയാൽ പത്ത് വര്‍ഷം വരെ തടവ്; ബില്‍ ഇന്ന് കര്‍ണാടക നിയമസഭയിൽ

കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ലിംഗായത്ത് സമുദായം അടക്കം ഹൈന്ദവ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നത്

Anti religion conversion law bill in karnataka assembly today
Author
Bengaluru, First Published Dec 21, 2021, 7:27 AM IST

ബം​ഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ (Anti Conversion Bill)  ഇന്ന് കര്‍ണാടക നിയമസഭയിലെത്തും (Karnataka Assembly). ബില്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കും. സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും. എന്നാൽ, കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം.

ലിംഗായത്ത് സമുദായം അടക്കം ഹൈന്ദവ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നത്. നിര്‍ബന്ധിച്ച് മതം മാറ്റുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നേരത്തെ, പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നുള്ള പരാതികൾ ഉയർന്നിരുന്നു. ബിൽ പാസായി കഴിഞ്ഞ് ഇത്തരം പരാതി ഉയര്‍ന്നാല്‍ കുറ്റാരോപിതന് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.

ബില്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കില്ല. പൊതുവേ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടികവിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ ശിക്ഷ പത്ത് വര്‍ഷം വരെയാണ്. പിഴ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ആകും. ഒന്നിലധികം പേരെ ഒരേസമയം മതംമാറ്റിയെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കും. പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതം മാറ്റം ശിക്ഷാപരിധിയില്‍ വരും. തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ വഞ്ചനയിലൂടെയോ സമ്മര്‍ദ്ദം ചെലുത്തുന്നതും ശിക്ഷാര്‍ഹം തന്നെയാണ്.

പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്തവും കുറ്റാരോപിതനാണ്. ഇല്ലെങ്കില്‍ ജയില്‍ശിക്ഷയ്ക്ക് പുറമേ മതം മാറിയവര്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നല്‍കണം. വിവാഹത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയുള്ള മതം മാറ്റത്തിനും പത്ത് വര്‍ഷം വരെ ശിക്ഷയെന്നാണ് ബില്ലിൽ പറയുന്നത്. നിര്‍ബന്ധിച്ചുള്ള മതം മാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും വിവരം കളക്ടറെ രേഖാമൂലം അറിയിക്കണം. മതം മാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളക്‌ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാകും നിയമസാധുത.

മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്‍റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അനാഥാശ്രമങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധന നടത്തും. സ്വാധീനത്തിലൂടെയുള്ള മതംമാറ്റം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയുണ്ടാകും. മതപരിവര്‍ത്തന കേസുകള്‍ വ്യാപകമായി ഉയരുന്നുവെന്ന പരാതികള്‍ക്കിടെയാണ് പുതിയ നിയമം വരുന്നത്. ക്രൈസ്തവ സംഘടനകളുടെ എതിര്‍പ്പുകള്‍ക്കിടയിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതിയ നിയമം അനിവാര്യമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Follow Us:
Download App:
  • android
  • ios