ഇന്ത്യ മിസൈൽ ഉപയോഗിച്ച് കൃത്രിമോപഗ്രഹം തകര്‍ത്തതിനെ തുടര്‍ന്ന് ബഹിരാകാശത്തുണ്ടായ മാലിന്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയല്ലെന്ന് സതീഷ് റെഡ്ഡി പറഞ്ഞു

ദില്ലി: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് അപകടമുണ്ടാക്കില്ലെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ നാസയടക്കം വിമർശിച്ചതിന് പിന്നാലെയാണ് ഡിആർഡിഒ ഈ വാദങ്ങളെ തള്ളി രംഗത്ത് വന്നത്. ബഹിരാകാശ നിലയത്തിന് അപകടമുണ്ടാകാതിരിക്കാന്‍ ഏറ്റവും ചെറിയ ഓര്‍ബിറ്റ് പരിധിയിലാണ് പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

മിസൈൽ പരീക്ഷണം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ മാലിന്യങ്ങള്‍ക്ക് മാറ്റം വന്നു. 45 ദിവസത്തിനുള്ളിൽ എല്ലാ മാലിന്യങ്ങളും പൂര്‍ണ്ണമായും കത്തി തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ബഹിരാകാശത്ത് നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമായ നടപടിയാണെന്നാണ് നാസ വിമർശിച്ചത്. അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും നാസ വിമർശിച്ചിരുന്നു.