2017 ജൂലൈ 27 ഉദ്ഘാടനം ചെയ്തതിന് ശേഷം ഒരു കോടിയോളം ആളുകളാണ് അബ്ദുള്‍ കലാം സ്മാരകം സന്ദര്‍ശിച്ചതെന്നാണ് കലാമിന്‍റെ ബന്ധുവായ എപിജെഎംജെ ഷെയ്ഖ് സലീം പറയുന്നത്

രാമേശ്വരം: രാമേശ്വരത്തെ ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നായി അബ്ദുൽ കലാമിന്‍റെ സ്മാരകം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ രാമേശ്വരത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ കലാമിന്‍റെ സ്മാരകം സന്ദര്‍ശിച്ച ശേഷമാണ് മടങ്ങുന്നത്. ഏവരേയും ആകര്‍ഷിക്കുന്നതാണ് രാജ്യത്തിന്‍റെ 11ാം പ്രസിഡന്‍റായ എപിജെ അബ്ദുല്‍ കലാമിന്‍റെ സ്മാരകം.

അടുത്തിടെ സ്മാരകം സന്ദര്‍ശിച്ച് മടങ്ങിയ ഹരിയാന സ്വദേശിനി പറയുന്നത് ഇപ്രകാരമാണ്. ചെരിപ്പ് അഴിച്ച് വച്ച് സ്മാരകത്തിലേക്ക് കയറിയ സമയത്ത് തന്നെ പോസിറ്റീവ് ഊര്‍ജ്ജം തന്നിലേക്ക് പ്രവഹിക്കുന്നത് പോലെ തോന്നിയെന്നാണ് ഹരിയാന സ്വദേശിയായ സുമനും ഭര്‍ത്താവ് ദിവാന്‍ അറോറയും പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. ക്ഷേത്രസന്ദര്‍ശനത്തിന് ശേഷമായിരുന്നു ഇവിടെ എത്തിയത്. വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുന്നത് പോലെ തന്നെയാണ് തോന്നിയതെന്ന് ദമ്പതികള്‍ പറയുന്നത്.

2017 ജൂലൈ 27 ഉദ്ഘാടനം ചെയ്തതിന് ശേഷം ഒരു കോടിയോളം ആളുകളാണ് അബ്ദുള്‍ കലാം സ്മാരകം സന്ദര്‍ശിച്ചതെന്നാണ് കലാമിന്‍റെ ബന്ധുവായ എപിജെഎംജെ ഷെയ്ഖ് സലീം പറയുന്നത്. അടുത്തിടെയാണ് ഷെയ്ഖ് സലീം ബിജെപിയില്‍ ചേര്‍ന്നത്. ദിവസം തോറും 7000 ത്തോളം പേര്‍ സ്മാരകത്തിലെത്തുന്നുണ്ടെന്നും ഷെയ്ഖ് സലീം പറയുന്നു. അബ്ദുള്‍ കലാമിന്‍റെ ബാല്യകാലം ചെലവിട്ട വീടും സ്മാരകമായാണ് സംരക്ഷിച്ചിട്ടുള്ളത്. അറിവ് അഹന്തയായി മാറാതിരുന്ന ലാളിത്യത്തിന്റെ തെളിവുറ്റ മുഖമെന്ന നിലയില്‍ മാത്രമാണ് രാഷ്ട്രത്തിന് അബ്ദുള്‍ കലാമിനെ ഓര്‍ക്കാനാവുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയരായ ഇന്ത്യൻ പ്രസിഡന്റുമാരിൽ ഒരാളായിരുന്നു വിനയം, ദയ, ദീർഘദർശിത്വം ഇവ മൂന്നിന്റേയും ആൾരൂപമായിരുന്ന അബ്ദുൽ കലാം. 1931 ഒക്ടോബർ പതിനഞ്ചിന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു കലാമിന്‍റെ ജനനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം