ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്നും സമരം നടത്താൻ അനുവാദമില്ലെന്നും സർവകലാശാല

ദില്ലി: സമരം ചെയ്തതതിന് പുറത്താക്കിയ സർവകലാശാലക്ക് മുന്നിൽ ടെന്റ് കെട്ടി രാപ്പകൽ സമരവുമായി വിദ്യാർത്ഥിനി. രാജ്യത്തെ ഏക അന്താരാഷ്ട്ര സർവകലാശാലയായ സൗത്ത് ഏഷ്യൻ സർവകാശാലയ്ക്ക് മുന്നിലാണ് ഈ ഒറ്റയാള്‍ സമരം. സ്കോളര്‍ഷിപ്പ് വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് മൂന്ന് മാസം മുന്‍പ് നടത്തിയ സമരങ്ങള്‍ക്ക് പിന്നാലെയായിരുന്നു പ്രതികാര നടപടി.

'സമരം ചെയ്തതിന് സർവകലാശാല പുറത്താക്കിയ അഞ്ച് പേരും വനിത വിദ്യാർത്ഥികളായിരുന്നു. എന്റെ പഠനം തീരാൻ മൂന്ന് മാസം മാത്രമുള്ളപ്പോളാണ് ഈ നടപടി. ഞങ്ങളുമായി ചർച്ചയ്ക്ക് സർവകലാശാല തയ്യാറാകണം'- സമരം ചെയ്യുന്ന അപൂർവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അപൂർവ്വയെ തേടി ദില്ലി മൈതാൻ ഗഡിയിലെ സൗത്ത് ഏഷ്യൻ സർവകലാശാലക്ക് മുന്നിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുമ്പോൾ സമയം രാത്രി പത്തര കഴിഞ്ഞിരുന്നു. തന്റെ താത്കാലിക ടെന്റിനുള്ളി ഒതുങ്ങി കൂടി ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നിയമ വിദ്യാർത്ഥിനി. കഴിഞ്ഞ അഞ്ച് ദിവസമായി സൗത്ത് ഏഷ്യൻ സർവകലാശാലയ്ക്ക് മുന്നിൽ ടെന്റിലാണ് അപൂർവയുടെ താമസം.

സ്റ്റൈപൻഡ് വർധനവ് അടക്കം ആവശ്യപ്പെട്ട് സമരം നടത്തിയതാണ് അപൂർവ ചെയ്ത കുറ്റം. മൂന്ന് മാസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥി സമരം സൗത്ത് ഏഷ്യൻ സർവകലാശാലയിൽ നടന്നത്. പിന്നാലെ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി പ്രതികാര നടപടികൾ തുടരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതുവരെ അഞ്ച് പേരെ സർവകലാശാല പുറത്താക്കി.

ക്യാമ്പസിൽ നിന്ന് പുറത്താക്കിയതോടെ ഹോസ്റ്റലിൽ നിന്നും ബലമായി പിടിച്ചിറക്കിയെന്ന് അപൂർവ പറയുന്നു. ഇതോടെയാണ് സർവകലാശാലയ്ക്ക് മുന്നിൽ സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം പൊലീസ് സഹായത്തോടെ സർവകലാശാല സുരക്ഷ ഉദ്യോഗസ്ഥർ ടെന്റ് പൊളിച്ചു. ചർച്ച നടത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ല. 

എന്നാൽ എക്സിക്യുട്ടീവ് കമ്മറ്റിയാണ് പുറത്താക്കാൻ തീരുമാനം എടുത്തതെന്നാണ് സർവകലാശാലയുടെ വാദം. അന്താരാഷ്ട്ര സർവകലാശാല ആയതിനാൽ ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്നും സമരം നടത്താൻ അനുവാദമില്ലെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.